പ്രണയത്തിൽ നിന്നും പിന്മാറാത്ത മുൻ കാമുകനെ ഗുണ്ടക്കളെ വിട്ട് നഗ്നനാക്കി മർദ്ദിച്ച സംഭവം, മുഖ്യപ്രതി ലക്ഷ്മിപ്രിയ അറസ്റ്റിൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 11 ഏപ്രില്‍ 2023 (12:01 IST)
പ്രണയത്തിൽ നിന്നും പിന്മാറാത്ത യുവാവിനെ ഗുണ്ടകളെ വിട്ട് നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ മുഖ്യപ്രതിയും കോളേജ് വിദ്യാർഥിനിയുമായ ലക്ഷ്മിപ്രിയ അറസ്റ്റിൽ. ലക്ഷ്മിപ്രിയ അടക്കം 7 പേർക്കെതിരെ പോലീസ് കേസെടുത്തു. ഏപ്രിൽ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം.

വർക്കല സ്വദേശിയായ ലക്ഷ്മിപ്രിയയും അയിരൂർ സ്വദേശിയായ യുവാവും പ്രണയത്തിലായിരുന്നു. എന്നാൽ ലക്ഷ്മിപ്രിയ ബിസിഎയ്ക്ക് പഠിക്കാൻ പോയ ശേഷം മറ്റൊരാളുമായി പ്രണയത്തിലായി. പല തവണ പറഞ്ഞെങ്കിലും പ്രണയത്തിൽ നിന്നും പിന്മാറാൻ യുവാവ് തയ്യാറായില്ല. ഒടുവിൽ ഫോണിലൂടെ സന്ദേശമയച്ച് ലക്ഷ്മിപ്രിയ യുവാവിനെ തന്ത്രപൂർവം വീട്ടിൽ നിന്നും വിളിച്ചിറക്കുകയും പിന്നീട് കാറിൽ വെച്ച് ഗുണ്ടകളുടെ സഹായത്തോടെ മർദ്ദിക്കുകയുമായിരുന്നു. കയ്യിലുണ്ടായിരുന്ന 5500 രൂപയും ഐ ഫോൺ വാച്ചും കവർന്നു.

എറണാകുളത്തെ ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ എത്തിച്ച ലക്ഷ്മിപ്രിയയും പുതിയ കാമുകനും ഉൾപ്പെട്ട സംഘവും പിന്നീട് യുവാവിനെ കെട്ടിയിട്ട് നഗ്നനാക്കി മർദ്ദിച്ചു. ഈ ദൃശ്യങ്ങൾ യുവാവിൻ്റെ ഐഫോണിൽ ലക്ഷ്മിപ്രിയ പകർത്തുകയും ചെയ്തു. ദൃശ്യങ്ങൾ പ്രതികൾക്ക് അയച്ച ശേഷം പ്രണയത്തിൽ നിന്നും പിന്മാറിയില്ലെങ്കിൽ ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശേഷം യുവാവിനെ വൈറ്റിലയിൽ ഉപേക്ഷിച്ചാണ് സംഘം മടങ്ങിയത്. യുവാവിനെ പിന്നീട് കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. പെൺകുട്ടി ക്വട്ടേഷൻ നൽകിയതാണോ അതോ സുഹൃത്തുക്കളാണോ സംഘത്തിലുണ്ടായിരുന്നത് എന്നത് വ്യക്തമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :