കൊട്ടാരക്കര|
aparna shaji|
Last Updated:
ചൊവ്വ, 2 ഓഗസ്റ്റ് 2016 (15:41 IST)
മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്കെതിരെ നടത്തിയ വിവാദപ്രസംഗങ്ങൾക്ക് വിശദീകരണവുമായി കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള രംഗത്ത്. ആവശ്യമില്ലാത്ത കാര്യങ്ങളാണ് പുറത്തുവന്നതെന്നും മനഃസാക്ഷിക്ക് തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഒരു ന്യൂനപക്ഷ നേതാവ് അല്ലെന്നും
ബാലകൃഷ്ണ പിള്ള കൊട്ടാരക്കരയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
'മതകാര്യങ്ങളിൽ കോടതി ഇടപെടുന്നത് ശരിയല്ല. എനിക്കെതിരെ നടന്നത് ഗൂഡാലോചനയാണ്. ഞാൻ ഒരു മുസ്ലിം വിരുദ്ധ പ്രവർത്തകനല്ല. പട്ടികുരക്കുന്നത് പോലെയാണ് ബാങ്ക് വിളിയെന്ന് പറയാൻ എനിക്കെന്താ ഭാന്തുണ്ടോ. ഒരു മണിക്കൂർ 25 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗം വെറും 30 മിനിട്ട് ആയി വെട്ടിചുരുക്കിയാണ് പുറത്തു വിട്ടിരിക്കുന്നത്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ആർക്കെതിരെയേയും ഒരു പരാമർശവും നടത്തിയിട്ടില്ല.' - ബാലകൃഷ്ണ പിള്ള പറഞ്ഞു.
മുസ്ലിം, ക്രൈസ്തവ പള്ളികളിൽ ഞാൻ പോകാറുണ്ട്, പ്രാർത്ഥിക്കാറുണ്ട്. മുസ്ലിംങ്ങൾ അഞ്ച് പ്രാവശ്യം നിസ്കരിക്കാറുണ്ട്, ക്രൈസ്തവർ എല്ലാ ആഴ്ചയും കുർബാന സ്വീകരിക്കാറുണ്ട്. എന്നാൽ ഹിന്ദുക്കൾ ആണ്ടിലൊരിക്കലാണ് അമ്പലത്തിൽ കയറുന്നത്. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിപ്പിക്കാൻ അനുവാദം നൽകിയാൽ മുസ്ലിംങ്ങൾ പ്രവേശിക്കുമെന്നും അത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ഞാൻ പറഞ്ഞതാണ്. വീട്ടുകാർ തീരുമാനിക്കാത്ത കല്യാണം അലസിപോവുകയേ ഉള്ളു. പാരമ്പര്യം അനുസരിച്ച് വിവാഹം നടത്തുക എന്ന ഉദ്ദേശ്യ രൂപേണയാണ് അങ്ങനെ പറഞ്ഞത്. പട്ടിയുടെ കുരകാരണം രാത്രിയിൽ ഉറങ്ങാൻ കഴിയില്ല എന്നേ പറഞ്ഞിട്ടുള്ളു എന്നാൽ അതും ബാങ്ക് വിളിയും തമ്മിൽ കൂട്ടി കുഴയ്ക്കുകയായിരുന്നു.' - ബാലകൃഷ്ണ പിള്ള വ്യക്തമാക്കി.
എന്റെ പരാമർശത്തിൽ ആർക്കെങ്കിലും മുറിവേറ്റിട്ടുണ്ടെങ്കിൽ ഞാൻ നിർവ്യാജമായ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.