അഭിറാം മനോഹർ|
Last Modified തിങ്കള്‍, 21 ഫെബ്രുവരി 2022 (13:10 IST)
തലശ്ശേരിയിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകത്തില്‍ ബിജെപിക്കും ആര്‍എസ്എസ് നേതൃത്വത്തിനുമെതിരെ രൂക്ഷമായി പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കമാണ് ഹരിദാസിനെ കൊലപ്പെടുത്തിയതിന് പിന്നിലെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹരിദാസ് ക്രൂരമായി അക്രമിക്കപ്പെടുകയും അദ്ദേഹത്തിന്റെ കാല് വെട്ടിമാറ്റുകയും ചെയ്‌തിരുന്നു. പ്രത്യേക പരിശീലനം ലഭിച്ച ക്രിമിനലുകളാണ് ഇതിന് പിന്നിൽ.രണ്ട് മാസം മുന്‍പ് കേരളത്തില്‍ ആര്‍എസ്എസ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഒരു ക്യാമ്പ് സംഘടിപ്പിച്ച് മൂവായിരത്തോളം പേര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. ഇത്തരത്തിലുള്ള പരിശീലനം ലഭിച്ചവരാണ് ഹരിദാസിനെ കൊലപ്പെടുത്തിയത പിന്നില്ലെന്നും കേരളത്തെ കലാപ ഭൂമിയാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും കോടിയേരി പറഞ്ഞു.
ഗൂഡാലോചന നടത്തിയവരെ കണ്ടെത്തണം. കൊലപാതകം നടത്തിയവര്‍ തന്നെ അത് പോലീസിന്റെ വീഴ്ചയാണെന്ന് പറയുന്നു. അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമാണിത്. ആര്‍എസ്എസ് - ബിജെപി സംഘം കൊലക്കത്തി താഴെവെച്ചിട്ടില്ലെന്ന് സംഭവത്തിലൂടെ തെളിഞ്ഞെന്നും എന്നാൽ ഇത്തരം പ്രവൃത്തികൊണ്ട് സിപിഎമ്മിനെ വിരട്ടാമെന്ന് കരുതരുതെന്നും കോടിയേരി വ്യക്തമാക്കി.