കൊച്ചി|
vishnu|
Last Modified വെള്ളി, 27 ഫെബ്രുവരി 2015 (18:21 IST)
സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ കേസിലെ പ്രതി കവിതാ പിള്ള കൊച്ചിയിലെ കഞ്ചാവ് കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ പൊലീസിന് ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചു എന്നതിന്റെ തെളിവുകള്‍ പുറത്ത്. ഒരു സ്വകാര്യ ചാനലാണ് തെളിവുകള്‍ പുറത്ത്‌വിട്ടത്. കഞ്ചാവ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേക സ്ക്വാഡിനായി ഇടനിലക്കാരി കവിതാ പിള്ള വഴി കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്.
ഫെബ്രുവരി രണ്ടിനു മയക്കുമരുന്നു കേസില്‍ പിടിയിലായ യുവാക്കള്‍ക്കായി കവിതാപിള്ള കൈക്കൂലി ചോദിക്കുന്നതാണ് ശബ്ദരേഖയില്‍. കളമശ്ശേരി പൊലീസും സിറ്റി കമ്മീഷണറും ചേര്‍ന്നാണ് യുവാക്കളെ പിടികൂടിയത്. എന്നാല്‍ പ്രതികള്‍ക്കായി കവിതാപിള്ളവഴി നടത്തിയ നീക്കത്തില്‍ നിസാരമായ വകുപ്പാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. പൊതുസ്ഥലത്തെ പുകവലി എന്ന വകുപ്പാണ് ഈ നാലുപേര്‍ക്കെതിരെ ചുമത്തിയത്. ഇതിനായി ഓരോരുത്തരില്‍നിന്നും 18,000 രൂപ വീതം വാങ്ങി. കൈക്കുലി നല്‍കിയതിനെ തുടര്‍ന്ന് ഇവരെ ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.
എന്നാല്‍ വീണ്ടും രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടാണ് ഇവരില്‍ ഒരാളുടെ മാതാവും മലപ്പുറം കാടാമ്പുഴയിലെ അധ്യാപികയുമായ ഗീതയെ കവിത ഫോണില്‍ ബന്ധപ്പെത്. ഈ സംഭാഷണമാണ് ചോര്‍ന്നത്. പണം തരാന്‍ ഉദ്ദേശമില്ലെങ്കില്‍ മകനെ വീണ്ടും അറസ്റ്റ് ചെയ്യുമെന്നും പുതിയ കേസുകള്‍ കൂടി ചുമത്തുമെന്നും കവിത ഭീഷണിപ്പെടുത്തി. വിഷയം പൊലീസിനെ അറിയിച്ചപ്പോള്‍ കവിതയുമായി സംസാരിക്കാനായിരുന്നും പൊലീസില്‍ നിന്ന് നിര്‍ദേശം ലഭിച്ചത്. സംഭവം വാര്‍ത്തയായതൊടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷനത്തിന് ഉത്തരവിട്ടിട്ടുണ്ട്.