ബാര്‍കോഴ: എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി ഉത്തരവ്

Last Modified വ്യാഴം, 9 ജൂലൈ 2015 (11:44 IST)
ധനമന്ത്രി കെഎം മാണിക്കെതിരെയായ ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശവും ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു. കേസ് ഡയറിയും ദ്രുത പരിശോധന റിപ്പോര്‍ട്ടും ഹാജരാക്കണം. കേസ് അടുത്ത മാസം 7 ന് പരിഗണിക്കും. പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ വി എസ്സിനും ബിജു രമേശിനും കോടതി നോട്ടിസ് അയച്ചു.

ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെഎം മാണിക്കെതിരെ മതിയായ തെളിവില്ളെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് പരിഗണിക്കവെയാണ് കോടതിയുടെ നടപടി.
മാണി അഴിമതി കാണിച്ചതിനോ അധികാര ദുര്‍വിനിയോഗം നടത്തിയതിനോ തെളിവില്ല. അദ്ദേഹം പണം ആവശ്യപ്പെട്ടതിനോ ബാർ ഉടമകൾ പണം നൽകിയതിനോ ആവശ്യമായ തെളിവുകൾ കണ്ടെത്താനും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ മാണിക്കെതിരെ കേസെടുക്കാൻ വേണ്ടത്ര തെളിവുകൾ ഇല്ലെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. അന്വേഷണത്തിലെ പ്രതികൂല കണ്ടത്തെലുകളും അന്തിമ റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്.

വിജിലന്‍സ് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്: -

ബാര്‍ ഹോട്ടല്‍‌സ് ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയും നുണപരിശോധനാ റിപ്പോര്‍ട്ടും പൂര്‍ണ്ണമായും പൊരുത്തപ്പെടുന്നില്ല. രണ്ട് തവണ ബാറുടമകള്‍ മാണിയെ കണ്ടിട്ടുണ്ട്. വ്യാപകമായി പണപ്പിരിവും നടത്തിയിട്ടുമുണ്ട്, പക്ഷേ മാണിക്ക് പണം നല്‍കിയതിന് തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണോദ്യോഗസ്ഥനായ ആര്‍ സുകേശന്‍ കോടതിയില്‍ സമര്‍പ്പിച്ച 54 പേജ് വരുന്ന റഫറല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബാറുടമകളുടെ സംഘടന വ്യാപകമായി പിരിവു നടത്തിയിട്ടുണ്ട്. സംഘടനയുടെ ക്യാഷ് ബുക്കില്‍ 15 ലക്ഷം രൂപ പിരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഈ തുക എന്തിനാണ് പിരിച്ചെടുത്തതെന്നോ ഇത് മാണിക്ക് കൈമാറിയോ എന്നതു സംബന്ധിച്ചും ഒരു രേഖയുമില്ല. ബാറുടമകള്‍ രണ്ടു തവണ പാലായിലെ വീട്ടില്‍ ചെന്ന് മാണിയെ കണ്ടിരുന്നെങ്കിലും ഇവരാരും മാണിക്ക് പണം കൈമാറിയതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.


ബാര്‍ ഹോട്ടല്‍‌സ് ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ ശബ്ദരേഖകളിൽ തിരുത്തലുകളുള്ളതിനാൽ തെളിവായി സ്വീകരിക്കാനാവില്ല. ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയുടെ മൊഴിയും നുണപരിശോധനാ ഫലവും പൂർണമായി യോജിക്കുന്നില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

418 ബാറുകള്‍ക്ക് ലൈന്‍സ് നല്‍കാനുള്ളത് സര്‍ക്കാരിന്റെ കൂട്ടായ തീരുമാനമായിരുന്നു. മന്ത്രിസഭാ യോഗത്തില്‍ മാണി ബാറുടമുകള്‍ക്ക് അനുകൂലമായി നടപടിയൊന്നും കൈക്കൊണ്ടിട്ടില്ല. മാണിക്ക് ഇതില്‍ എന്തെങ്കിലും പ്രത്യേക താത്പര്യമുണ്ടായിരുന്നതായും കണ്ടെത്താനായിട്ടില്ല. മന്ത്രിസഭാ തീരുമാനം പ്രതികൂലമായതിന് അഴിമതി നടന്നുവെന്ന് അര്‍ഥമില്ല-റിപ്പോര്‍ട്ടില്‍ പറയുന്നു. 337 സാക്ഷികളുടെ മൊഴി എടുത്തതായും റിപ്പോർട്ടിൽ പറയുന്നു. മാണിക്കെതിരെയുള്ള അന്വേഷണം അവസാനിപ്പിക്കാൻ വിജിലൻസ് കോടതിയോട് അനുമതി തേടിയിട്ടുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :