വിജിലൻസിനു സ്വയംഭരണം അനുവദിക്കണമെന്ന വിധിക്ക് സ്റ്റേ

കൊച്ചി| VISHNU N L| Last Modified ബുധന്‍, 8 ജൂലൈ 2015 (14:35 IST)
വിജിലൻസിനു സ്വയംഭരണവും പ്രവർത്തന സ്വാതന്ത്ര്യവും അനുവദിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. വിജിലൻസ് പരിഷ്കരണത്തിന് അമിക്കസ് ക്യൂറിയെ നിയമിച്ച ഉത്തരവും സ്റ്റേ ചെയ്തിട്ടുണ്ട്.

സംസ്ഥാന വിജിലൻസിന്റെ പ്രവർത്തന സ്വാതന്ത്ര്യവും സ്വയംഭരണവും പരിശോധിക്കാനുള്ള കോടതി തീരുമാനം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നല്‍കിയ അപ്പീലിന്‍ മേലാണ് നടപടി. ബാര്‍ കോഴ സംബന്ധിച്ച അന്വേഷണത്തിന് ഹൈക്കോടതിയുടെ മേല്‍നോട്ടം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സിംഗിൾ ബെഞ്ച് ഈ ഉത്തരവിട്ടത്.

വിജിലന്‍സിനു സ്വയംഭരണവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സഹായിക്കാനുമായി രണ്ടംഗ അമിക്കസ് ക്യൂറിയെ നേരത്തെ ഹൈക്കോടതി നിയമിച്ചിരുന്നു. ജൂൺ 18ലെ ഈ ഉത്തരവും സർക്കാർ ഹർജിയിൽ ചോദ്യം ചെയ്തിരുന്നു.
വിജിലന്‍സ് സംവിധാനം ഉടച്ചുവാര്‍ക്കേണ്ട കാലം അതിക്രമിച്ചു. കാലോചിതമായ മാറ്റങ്ങള്‍ വിജിലന്‍സിന് അനിവാര്യമാണ്. വിജിലൻസിനെ സിബിഐ മാതൃകയിൽ സ്വതന്ത്ര സംവിധാനമാക്കണം. വിജിലൻസിനു ശരിയായ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ സാധാരണക്കാരനു നീതിലഭിക്കുന്നില്ല, പല അന്വേഷണങ്ങളും ശരിയായ രീതിയിലുമല്ലെന്നും സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :