വെറുതെ ഭയപ്പെടുത്തിയാല്‍ മതിയെന്ന് പിജെ, മുന്നണി വിടുന്ന കാര്യത്തില്‍ കീറാമുട്ടിയായി ജോസഫിന്റെ എതിര്‍പ്പ്; ഈ ബന്ധം വേണ്ടെന്ന് ഒരു വിഭാഗം - നിലപാടിലുറച്ച് മാണി

ഉഭയകക്ഷി ചര്‍ച്ചയില്‍ “ സൌകര്യമുണ്ടെങ്കില്‍ ” പങ്കെടുക്കും

തിരുവനന്തപുരം| ജിയാന്‍ ഗോണ്‍‌സാലോസ്| Last Updated: ചൊവ്വ, 26 ജൂലൈ 2016 (17:24 IST)
യുഡിഎഫ് യോഗത്തില്‍ താന്‍ പങ്കെടുക്കാതിരുന്നത് അസൌകര്യം മൂലമാണെന്ന് കെഎം മാണി വ്യക്തമാക്കുമ്പോഴും കോണ്‍ഗ്രസിനെതിരെ കേരള കോണ്‍ഗ്രസില്‍ (എം) അതിശക്തമായ വികാരം ഉയരുന്നു. ചരല്‍ക്കുന്നില്‍ നടക്കുന്ന അടുത്ത പാര്‍ട്ടി ക്യാമ്പിനു ശേഷം യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാമെന്നാണ് കെഎം മാണിയുടെ തീരുമാനം. ഈ സാഹചര്യത്തില്‍ ചരല്‍ക്കുന്നിലെ യോഗം നിര്‍ണായകമാകുമെന്ന് വ്യക്തമായി.

കക്ഷിനേതാവെന്ന നിലയില്‍ യുഡിഎഫ് യോഗത്തില്‍ പോകാന്‍ അസൌകര്യം ഉണ്ടായി. അടുത്തദിവസം നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ “ സൌകര്യമുണ്ടെങ്കില്‍ ” പങ്കെടുക്കുമെന്ന് വ്യക്തമാക്കുമ്പോള്‍ അത് കോണ്‍ഗ്രസിന്റെ നെഞ്ചില്‍ ആണിയടിക്കുന്നതിന് തുല്ല്യമാണ്. ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയെന്ന് മാണി കോണ്‍ഗ്രസ് ആരോപിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടാണ് കേരളാ കോണ്‍ഗ്രസിന് കലിപ്പ്.

കേരളാ കോണ്‍ഗ്രസിന്റെ കഴിഞ്ഞ സ്‌റ്റിയറിംഗ് കമ്മിറ്റിയില്‍ കോണ്‍ഗ്രസ് ചതിയന്മാരുടെ കൂട്ടമാണെന്നാണ് പ്രവര്‍ത്തകര്‍ ഉന്നയിച്ചത്. എന്നാല്‍, മാണി വിഷയത്തില്‍ ഒരു തുറന്നു പറച്ചിലിന് ഒരുക്കമല്ല. മുന്നണി വിടണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, യുഡിഎഫിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നതിനായി യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുക എന്നതിലുപരി മറ്റുള്ള തീരുമാനത്തിലേക്ക് പോകുന്നതിനോട് പിജെ ജോസഫിന് യോജിപ്പില്ല.

തന്റെ നിലപാട് ജോസഫ് കോണ്‍ഗ്രസ് നേതാക്കളെയും അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരള കോണ്‍ഗ്രസിന്റെ ചര്‍ക്കുന്ന ക്യാംപ് പാര്‍ട്ടിയെ സംബന്ധിച്ച നിര്‍ണായകമാകും. മുന്നണിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ യോജിച്ച തീരുമാനമെടുക്കാന്‍ പാര്‍ട്ടിക്കായില്ല. അതിനാലാണ് ചരല്‍കുന്നില്‍ വിപുലമായ ക്യാംപ് നടത്തി ഭാവി രാഷ്ട്രീയം തീരുമാനിക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചത്. അതുവരെ മുന്നണിയുമായി സഹകരിക്കാതെ മാറിനില്‍ക്കുകയെന്നതാണ് ഇപ്പോഴത്തെ തീരുമാനം.

പാര്‍ട്ടിയെ നാണം കെടുത്തിയ ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസിലെ ഒരു വിഭാഗമാണെന്ന് മാണി പറയാതെ പറയുന്നുണ്ടെങ്കിലും ഒന്നും വ്യക്തമാക്കാന്‍ ഒരുക്കമല്ല. മുന്നണി ബന്ധങ്ങള്‍ തകരാന്‍ മാത്രമെ ആ തുറന്നു പറച്ചില്‍ സഹായകമാകുകയുള്ളൂവെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. എന്നാല്‍ ബാര്‍ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹച്ചടങ്ങില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പങ്കെടുത്തതാണ് കേരളാ കോണ്‍ഗ്രസിനെ ചൊടുപ്പിച്ചത്. ഇതോടെ നിര്‍ണായകമായ യുഡിഎഫ് യോഗത്തിന് മുമ്പായി
പ്രതിഛായയിലൂടെ എല്ലാം തുറന്നു പറയുകയും ചെയ്‌തു.


കോണ്‍ഗ്രസിനെ ഭയത്തിന്റെ മുള്‍‌മുനയില്‍ നിര്‍ത്തുക എന്ന ലക്ഷ്യവും മാണിക്കുണ്ട്. ദേശീയ തലത്തില്‍ തകര്‍ച്ച നേരിടുന്ന കോണ്‍ഗ്രസിന് മാണിയുമായുള്ള ബന്ധം തകര്‍ക്കുക എന്നത് ഓര്‍ക്കാന്‍ പോകുമാകാത്ത കാര്യമാണ്. ബിജെപിയുടെ ക്ഷണത്തെ സ്‌നേഹത്തോടെ മാനിക്കുന്നുവെന്നും എന്നാല്‍ മുന്നണി വിടാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്നുമുള്ള അദ്ദേഹത്തിന്റെ മറുപടി കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അടക്കമുള്ളവരെ സമ്മര്‍ദ്ദത്തിലാക്കിയും ഭയപ്പെടുത്തിയും സാഹചര്യങ്ങള്‍ അനുകൂലമാക്കാം എന്ന നിലപാടിലാണ് ഇപ്പോള്‍ മാണിയുള്ളത്. കോണ്‍ഗ്രസിന് തങ്ങളെ തള്ളി മുന്നോട്ടു പോകാന്‍ സാധിക്കില്ല എന്ന ഉറപ്പുമുള്ളതിനാല്‍ പ്രതിഷേധാത്മക നിലപാടുമായി മുന്നോട്ടു പോകാം എന്നാണ് കേരളാ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. അതിനാലാണ് യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാന്‍ കൂട്ടാക്കാതിരുന്ന മാണിയെ ചെന്നിത്തല ഫോണില്‍ വിളിച്ചുവെങ്കിലും സംസാരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :