തിരുവനന്തപുരം|
JOYS JOY|
Last Modified ചൊവ്വ, 12 ഏപ്രില്‍ 2016 (11:20 IST)
വെടിക്കെട്ട് അപകടത്തെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ കേരളത്തിന്റെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും നന്ദിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് ചേര്‍ന്ന അവലോകനയോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വെടിക്കെട്ട് നിരോധിക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച് സര്‍വ്വകക്ഷിയോഗം ചേര്‍ന്ന തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വ്യാഴാഴ്ച രണ്ടുമണിക്കാണ് സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊതുജനവും രാജ്യത്തെ പ്രമുഖ നേതാക്കളും അവസരത്തിനൊത്ത് ഉയര്‍ന്നാണ് പ്രവര്‍ത്തിച്ചത്. അവരെല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു. പ്രധാനമന്ത്രിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും സഹായത്തിന് മുഖ്യമന്ത്രി പ്രത്യേകനന്ദി പറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ സൌജന്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരിതാശ്വാസമായി ഇതിനകം 20 കോടി രൂപ നല്കിക്കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത് 353 പേരാണ്. അതേസമയം, മരിച്ചവരില്‍ 13 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും തിരിച്ചറിഞ്ഞവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറാന്‍ വേണ്ട നടപടിയെടുത്തെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗുരുതരമായി പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കൊല്ലം മെഡിസിറ്റിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ദുരന്തത്തില്‍ പരുക്കേറ്റവേരുടെ കൈയില്‍ നിന്ന് പണം ഈടാക്കിയ സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ടെന്നും ആരുടെയെങ്കിലും കൈയില്‍ നിന്ന് പണം ഈടാക്കിയിട്ടുണ്ടെങ്കില്‍ അത് തിരികെ നല്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.