അഭിറാം മനോഹർ|
Last Modified ഞായര്‍, 24 ഒക്‌ടോബര്‍ 2021 (11:49 IST)
അങ്ങനെ അവസാനം അതും സംഭവിച്ചിരിക്കുന്നു. വരനും വധുവും ഒരേ വേദിയിൽ ഇല്ലാതെയും വിവാഹം.
വരൻ ഉക്രൈനിലും വധു ഇങ്ങ് കേരളത്തിലും ഇരുന്നുകൊണ്ടാണ് സംസ്ഥാനത്തെ ആദ്യ ഓൺലൈൻ വിവാഹം. വിവാഹത്തിന് വേദിയായതാവട്ടെ ഗൂഗിൾ മീറ്റും.
കഴക്കൂട്ടം സ്വദേശിനി ധന്യ മാര്‍ട്ടിനും
പുനലൂര്‍ ഇളമ്പല്‍ സ്വദേശി ജീവന്‍കുമാറുമാണ് ഓൺലൈനിലൂടെ ഒന്നിച്ചത്.കോവിഡ് സാഹചര്യത്തില്‍ ഉക്രൈനില്‍നിന്ന് നാട്ടിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നായിരുന്നു ഓൺലൈൻ വിവാഹം. മിനിറ്റുകള്‍ക്കുള്ളില്‍ രജിസ്ട്രാര്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വധുവിന് കൈമാറുകയും ചെയ്തു.
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മാര്‍ച്ചില്‍ ഇവര്‍ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷയുടെ കാലാവധി നീട്ടി സബ് രജിസ്ട്രാർ
ഓഫീസില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കി വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവാഹം നടത്തിക്കൊടുക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇതിന് അനുകൂലമായ വിധി ലഭിച്ചതിനെ തുടർന്നാണ് പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് വേദിയായി ഗൂഗിൾ മീറ്റ് വഴി വിവാഹം നടത്തിയത്. ജില്ലാ രജിസ്ട്രാര്‍ സി.ജെ.ജോണ്‍സണ്‍ ഗൂഗിള്‍ മീറ്റില്‍ത്തന്നെ വിവാഹം നിരീക്ഷിച്ചു. സബ് രജിസ്ട്രാര്‍ ടി.എം.ഫിറോസിന്റെ മേല്‍നോട്ടത്തിലായിരുന്നു ചടങ്ങ്.