തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ധനമന്ത്രി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 12 കോടി

ശ്രീനു എസ്| Last Updated: ചൊവ്വ, 4 ഓഗസ്റ്റ് 2020 (15:50 IST)
12 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റ് ധനമന്ത്രി ഡോ. ടി.എം.തോമസ്
ഐസക്ക് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. 300 രൂപ വിലയുള്ള ഓണം ബമ്പര്‍ സെപ്റ്റംബര്‍ 20 ന് നറുക്കെടുക്കും. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ആറ് പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം
10 ലക്ഷം രൂപ വീതം 12 പേര്‍ക്കും നാലാം സമ്മാനമായി
അഞ്ച് ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. ഇതിനു പുറമെ
ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ സമ്മാനങ്ങളുമുണ്ട്. ടിക്കറ്റ് വില്‍പനയ്ക്ക് വിധേയമായി മൊത്തം 54 കോടി രൂപ സമ്മാനമായി നല്‍കുന്ന വിധത്തിലാണ് സമ്മാനഘടന വിഭാവനം ചെയ്തിട്ടുള്ളത്.

ഭാഗ്യക്കുറിയില്‍ നിന്നുള്ള ലാഭം പൂര്‍ണ്ണമായും ആരോഗ്യ സുരക്ഷാപദ്ധതിക്കാണ് വിനിയോഗിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കോവിഡ് 19 പ്രതിസന്ധി കാരണം ഭാഗ്യക്കുറിയില്‍ നിന്നുള്ള വരുമാനം ഈ വര്‍ഷം പകുതിയില്‍ താഴെയാകും . രണ്ട് മാസം ടിക്കറ്റ് വില്പനയില്ലായിരുന്നു. ആഴ്ചയില്‍ ഏഴു ദിവസവും ഉണ്ടായിരുന്ന ടിക്കറ്റുകള്‍ നിലവില്‍ മൂന്നെണ്ണമായി കുറച്ചു. അച്ചടിയും കുറച്ചിട്ടുണ്ട്. കോവിഡ് 19 അപകട സാധ്യത കണക്കിലെടുത്താണ് വില്പനക്കാര്‍ ലോട്ടറി വില്ക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ മാസ്‌ക്, സാനിറ്റൈസര്‍ മുതലായവ നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന് ലാഭം കിട്ടുന്നതിനൊപ്പം നൂറുകണക്കിന് ആളുകളുടെ
ജീവനോപാധി കൂടിയാണ് ഭാഗ്യക്കുറി മേഖലയെന്ന് മന്ത്രി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :