മീനിലെ മായം കണ്ടെത്താന്‍ 'ഓപ്പറേഷന്‍ മത്സ്യ': കഴിഞ്ഞ ദിവസങ്ങളില്‍ പിടിച്ചെടുത്തത് 1925 കിലോ കേടായ മത്സ്യം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 22 ഏപ്രില്‍ 2022 (16:30 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന പേരില്‍ പുതിയൊരു കാമ്പയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താനായി 'ഓപ്പറേഷന്‍ മത്സ്യ' ആവിഷ്‌ക്കരിച്ചു. സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ എല്ലാ ജില്ലകളിലും റെയ്ഡുകള്‍ ശക്തമാക്കി പരിശോധനകള്‍ ഉറപ്പാക്കും. കാമ്പയിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതാണ്. അവര്‍ക്ക് തന്നെ മായം കണ്ടെത്താന്‍ കഴിയുന്ന ബോധവത്ക്കരണം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ ജില്ലകളിലും മൊബൈല്‍ ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമാണ് കേരളം. അതിനാല്‍ തന്നെ മായം ചേര്‍ത്തിട്ടുണ്ടോയെന്ന് എല്ലാ ജില്ലകളിലും വേഗത്തില്‍ മനസിലാക്കാന്‍ സാധിക്കും. കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെങ്കില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലബോറട്ടറികളില്‍ അയയ്ക്കുന്നതാണ്. ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മാര്‍ക്കറ്റുകളിലും കടകളിലും പരിശോധന ശക്തമാക്കും. മത്സ്യം, വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍, ശര്‍ക്കര തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ തരംതിരിച്ചായിരിക്കും പരിശോധന നടത്തുന്നത്. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമായിരിക്കും ജില്ലകളില്‍ പരിശോധന നടത്തുക. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :