മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു

തിരുവനന്തപുരം| VISHNU N L| Last Modified തിങ്കള്‍, 6 ജൂലൈ 2015 (12:31 IST)
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കേരളം കടന്നുപോകുന്നതിനിടെ ഖജനാവിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന തരത്തില്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. അസിസ്‌റ്റന്റ്‌ പ്രൈവറ്റ്‌ സെക്രട്ടറിമാരുടെ ശമ്പളം 25,000 രൂപയോളം വര്‍ധിപ്പിക്കാനുളള ശുപാര്‍ശ ധനമന്ത്രി അംഗീകരിച്ച്‌ പൊതുഭരണവകുപ്പിന്റെ മുന്നിലെത്തി.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും നിശ്ചയിക്കുന്ന ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് ഈ മാസം 10ന് സമര്‍പ്പിക്കാനിരിക്കേയാണ് തിരക്കിട്ട് പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ ധനമന്ത്രാലയം നിക്കം നടത്തിയത്. പേഴ്സണല്‍ അസിസ്റ്റന്റുമാര്‍ നേരിട്ട് ധനമന്ത്രി കെ‌എം മാണിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. നിവേദനത്തിന്റെ അടിസ്‌ഥാനത്തില്‍ ശമ്പളവര്‍ധനയ്‌ക്കുളള നീക്കം ഉദ്യോഗസ്‌ഥവൃന്ദത്തെ ചൊടിപ്പിച്ചിരിക്കുകയാണ്‌.

അസിസ്‌റ്റന്റ്‌ പ്രൈവറ്റ്‌ സെക്രട്ടറിമാരുടെ ശമ്പളം നിലവില്‍ 24,040-38,840 ആണ്‌. ഇത്‌ 36,140 ആയി ഉയര്‍ത്താനാണ്‌ നീക്കം. അസിസ്‌റ്റന്റ്‌ പ്രൈവറ്റ്‌ സെക്രട്ടറിമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതോടെ അത്‌ ഏകദേശം അഡീഷണല്‍ വ്രൈറ്റ്‌ സെക്രട്ടറിമാരുടെ ശമ്പളത്തിനൊപ്പമാവും. ഇതോടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിമാരുടെ ശമ്പളവും വര്‍ധിപ്പിക്കേണ്ടിവരും. അതേസമയം, പേഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗങ്ങളുടെ യോഗ്യത സംബന്ധിച്ച ഫയലുകളില്‍ ഇതുവരെ തീരുമാനമായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :