'നീക്കം അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍, പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്നു'; കെ.സി.വേണുഗോപാലിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം

രേണുക വേണു| Last Modified ശനി, 4 സെപ്‌റ്റംബര്‍ 2021 (12:10 IST)

കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാവ് കെ.സി.വേണുഗോപാലിനെതിരെ പടയൊരുക്കം. പാര്‍ട്ടി പിടിക്കാനും പ്രബലനാകാനും കെ.സി.വേണുഗോപാല്‍ ശ്രമിക്കുകയാണെന്ന് എ, ഐ ഗ്രൂപ്പുകള്‍ ആരോപിക്കുന്നു. വേണുഗോപാലിനെതിരെ എ, ഐ ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിട്ടുണ്ട്. വേണുഗോപാല്‍ സ്വന്തമായി ഒരു ഗ്രൂപ്പുണ്ടാക്കാന്‍ നോക്കുന്നതായി നേതാക്കളും പ്രവര്‍ത്തകരും പരാതിപ്പെടുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പുകളെ വെട്ടി രാഹുല്‍ ഗാന്ധിയെ വയനാട് സ്ഥാനാര്‍ഥിയാക്കിയതു മുതല്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ ഗ്രൂപ്പ് നേതാക്കള്‍ക്ക് വേണുഗോപാലിനോട് എതിര്‍പ്പുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഗ്രൂപ്പിന് അതീതമായി വേണുഗോപാല്‍ നടത്തിയ ഇടപെടലുകള്‍ മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും പാര്‍ട്ടിയില്‍ പ്രബലനാകാനാണ് വേണുഗോപാല്‍ ശ്രമിക്കുന്നതെന്ന് എ, ഐ ഗ്രൂപ്പുകള്‍ സംശയിക്കുന്നു.

പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് രമേശ് ചെന്നിത്തലയെയും കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെയും നീക്കിയതില്‍ വേണുഗോപാലിന് പങ്കുള്ളതായി എ, ഐ ഗ്രൂപ്പുകള്‍ സംശയിക്കുന്നു. വി.ഡി.സതീശനും കെ.സുധാകരനും കെ.സി.വേണുഗോപാലുമായി അടുത്ത ബന്ധത്തിലുമാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന നിലയില്‍ ഉയര്‍ന്നുവരാനാണ് വേണുഗോപാല്‍ നീക്കങ്ങള്‍ നടത്തുന്നതെന്ന് ഗ്രൂപ്പുകള്‍ക്കുള്ളില്‍ സംസാരമുണ്ട്. അതിനു പിന്നാലെയാണ് ഡിസിസി പുനഃസംഘടനയിലും ഗ്രൂപ്പുകളെ വെട്ടി വേണുഗോപാല്‍ തന്റെ അപ്രമാദിത്തം അരക്കിട്ടുറപ്പിച്ചത്. ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഒതുക്കാനാണ് വേണുഗോപാല്‍ ശ്രമിക്കുന്നതെന്നും ഗ്രൂപ്പുകള്‍ ആരോപിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :