കൊച്ചി|
VISHNU N L|
Last Modified തിങ്കള്‍, 6 ജൂലൈ 2015 (11:06 IST)
കളമശേരി ഭൂമി തട്ടിപ്പുകേസിൽ മുൻ ലാൻഡ് റവന്യു കമ്മിഷണറായ ടിഒ സൂരജിന് പങ്കില്ലെന്നു സിബിഐ.
കേസിൽ നുണപരിശോധന ഫലം സൂരജിന് അനുകൂലമായതാണ് നിലപാട് മാറ്റാന്‍ സിബിഐയെ പ്രേരിപ്പിച്ചത്. സൂരജ് ഒന്നും മറച്ചുവയ്ക്കുന്നില്ലെന്നാണ് ലാബ് റിപ്പോര്‍ട്ട്. ചെന്നൈയിലുള്ള ഫോറന്‍സിക് ലാബിലാണ് സൂരജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കിയത്.
ഇതോടെ തണ്ടപ്പേർ തിരുത്തിയത് തെറ്റെങ്കിലും ഇത് ക്രിമിനൽ കുറ്റമല്ല എന്നാണ്
സിബിഐ വിലയിരുത്തിയിരിക്കുന്നത്. കീഴുദ്യോഗസ്ഥർ തെറ്റായ വിവരങ്ങൾ ധരിപ്പിച്ചതിനാലാണ് തണ്ടപ്പേർ തിരുത്തിയത്. മുൻ ലാൻഡ് റവന്യു കമ്മിഷണർമാരുടെ നടപടികളും സൂരജ് ശ്രദ്ധിച്ചില്ല. എന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ട്.
താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലായിരുന്നു ടിഒസൂരജ് ആദ്യം മുതൽ. കീഴുദ്യോഗസ്ഥർ നല്‍കിയ തെറ്റായ വിവരം പരിശോധിക്കാതെ ഫയലിൽ ഒപ്പിട്ടു. വകുപ്പുതല അന്വേഷണം വരുമ്പോൾ ഇതു തന്റെ തെറ്റാണ്. അഞ്ച് മിനിറ്റ് മാത്രമേ ഈ ഫയൽ തന്റെ മുൻപിൽ ഇരുന്നുള്ളെന്നും സൂരജ് പറഞ്ഞു.
അതേസമയം, സൂരജിനെതിരെ വകുപ്പുതല നടപടിക്കു സിബിഐ ശുപാർശ ചെയ്തു. കുറ്റപത്രം രണ്ടാഴ്ചയ്ക്കകം സമർപ്പിക്കും. അന്തിമ റിപ്പോർട്ട് തയാറായിരിക്കുകയാണ്. ഇതിനു കേന്ദ്ര അനുമതി തേടിയിരുന്നു.