സലിംരാജിനെയും ഭാര്യയേയും ഒഴിവാക്കിയതിന് പിന്നില്‍ ദുരൂഹത; ‘ഗണ്‍മോനെ’ ഒഴിവാക്കിയത് സിബിഐക്ക് തിരിച്ചടിയാകുന്നു

ആദ്യ ഘട്ടത്തില്‍ സലിംരാജ് ഉള്‍പ്പെടെ 29 പേരായിരുന്നു കേസിലെ പ്രതികള്‍

 kadakampally land, cheating case , salim raj , കടകംപള്ളി ഭൂമി തട്ടിപ്പ് , സിബിഐ , ഉമ്മൻചാണ്ടി , സലിംരാജ്
കൊച്ചി| jibin| Last Modified തിങ്കള്‍, 25 ജൂലൈ 2016 (16:22 IST)
കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ നിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഗൺമാനായ സലിംരാജിനെ ഒഴിവാക്കി
സമര്‍പ്പിച്ച കുറ്റപത്രം പ്രത്യേക കോടതി മടക്കിയത് സിബിഐക്ക് തിരിച്ചടിയാകും. എഫ്ഐആറില്‍ പേരു ചേര്‍ക്കപ്പെട്ട 22 പേരെ കുറ്റപത്രത്തില്‍ ഒഴിവാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത കോടതി ഇവരെക്കൂടി ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞദിവസം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സലിംരാജിനെയും ഭാര്യ ഷംസാദിനെയും ഒഴിവാക്കിയിരുന്നു. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ സലിംരാജ് ഉള്‍പ്പെടെ 29 പേരായിരുന്നു കേസിലെ പ്രതികള്‍. കേസില്‍ 21മത്തെ പ്രതിയായിരുന്നു സലിംരാജ്. എന്നാല്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുൻ ഡെപ്യൂട്ടി തഹസിൽദാർ ഉൾപ്പടെ അഞ്ച് പേരെയാണ് കേസിൽ പ്രതിയാക്കിയിരിക്കുന്നത്. മുന്‍ ഡപ്യൂട്ടി തഹസീല്‍ദാര്‍ വിദ്യോദയ കുമാര്‍, നിസാര്‍ അഹമ്മദ്, സുഹറാ ബീവി, മുഹമ്മദ് കാസിം, റുഖിയ ബീവി എന്നിവരാണ് പ്രതികള്‍.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് സലിംരാജ് ഉള്‍പ്പെടെ പത്ത് പേരെ അറസ്‌റ്റ് ചെയ്‌തത്. കടകംപള്ളി വില്ലേജിലെ 170 പേരുടെ 45.50 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖയുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പിടിച്ചുലച്ച വിവാദമായ കേസ്. കടകംപള്ളി ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് 14 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഭൂമിയുടെ തണ്ടപ്പേര് മാറ്റാന്‍ 60 ലക്ഷത്തോളം രൂപ ചെലവിട്ടതായും സിബിഐയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

സലിം രാജ് അടക്കമുള്ളവരെ നിരവധി പേരെയാണ് സിബിഐ പ്രതിചേര്‍ത്തത്. ഇവരെ അറസ്‌റ്റ് ചെയ്‌തു ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഇവരെല്ലാം പ്രതിപ്പട്ടികയില്‍ നിന്ന് അപ്രത്യക്ഷരായതാണ് കോടതിയെ ചൊടുപ്പിച്ചത്. ഇത് സിബിഐക്ക് സമ്മര്‍ദ്ദവും ഒപ്പം തിരിച്ചടിയും നല്‍കുകയും ചെയ്യുന്നുണ്ട്.

ആദ്യം വിജിലന്‍‌സാണ് കേസ് അന്വേഷിച്ചത്. പിന്നീട് കേസ് സി ബി ഐ അന്വേഷണത്തിലേക്ക് എത്തുന്നത്. മൂന്നു വര്‍ഷം നീണ്ടു നിന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണ് സിബിഐ സലിം രാജിനെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചതും വിവാദത്തിലായതും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :