തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 11 നവംബര്‍ 2015 (12:38 IST)
ബാര്‍ കോഴക്കേസില്‍ കെഎം മാണി രാജിവെച്ചെങ്കിലും അതിലു വലിയ അഴിമതികള്‍ നടത്തിയവര്‍ ഇന്ന് യുഡിഎഫിലുണ്ടെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. മാണിയെ രാജിവെപ്പിച്ചവര്‍ എക്‍സൈസ് മന്ത്രി കെ ബാബുവിനെ വെറുതെ വിട്ടു. ബാബു പത്തുകോടി രൂപ വാങ്ങിയെന്ന ആരോപണം ഒതുക്കി തീര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് എം പിളരുമെന്ന കാര്യത്തില്‍ സംശയമില്ല. മാണിക്ക് ലഭിച്ച പിന്തുണകള്‍ ഇപ്പോള്‍ ഇല്ലാതായി. മാണിയേയും ജോസഫിനെയും രണ്ടാക്കാനുള്ള ശ്രമം നടന്നു. യുഡിഎഫിലെ അഴിമതി വിഷയങ്ങള്‍ താന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഴിമതി കാര്യങ്ങള്‍ എഴുതി നല്‍കിയിരുന്നതായും ബാലകൃഷ്ണപിള്ള പറഞ്ഞു.
ബാര്‍ കോഴ വിഷയം ബാര്‍ ഹോട്ടല്‍സ് ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് വ്യക്തമാക്കുന്നതിനു മുന്‍പ് തന്നെ താന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. മന്ത്രിസ്ഥാനം പോയെങ്കിലും മാണിക്ക് യുഡിഎഫ് വിട്ട് പോകാന്‍ സാധിക്കില്ല. അദ്ദേഹത്തെ രാജിവെപ്പിക്കുകയാണ് ചെയ്‌തത്. ചീഫ് വിപ്പ് തോമസ് ഉണ്യാടന്‍ കാണിച്ചത് രാഷ്ട്രീയ മര്യാദയാണ്. എല്ലാവരും ഒറ്റക്കാക്കിയപ്പോള്‍ മാണിക്കൊപ്പം നില്‍ക്കാന്‍ ഒരാളെങ്കിലും വേണ്ടേയെന്നും ബാലകൃഷ്ണപിള്ള ചോദിച്ചു.