തൃശൂർ|
aparna shaji|
Last Modified ബുധന്‍, 11 ജനുവരി 2017 (07:28 IST)
പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളേജിലെ ഒന്നാം വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. തൃശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനാണ് അന്വേഷണ ചുമതല. റേഞ്ച് ഐജി എംആര്‍ അജിത്കുമാറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. നിലവില്‍ ലോക്കല്‍ പൊലീസായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.
ജിഷ്ണുവിന്റെ ആത്മഹത്യയ്ക്ക് പിന്നിലെ ദുരൂഹതകള്‍ കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ ഉദ്ദേശം. പോസ്റ്റ് മോര്‍ട്ടം സമയത്ത് ജിഷ്ണുവിന്റെ ശരീരത്തില്‍ കണ്ടെത്തിയ മൂക്കിൽ കാണപ്പെട്ട മുറിവിനെ പറ്റിയും അന്വേഷണം ഉണ്ടാകും. കോപ്പിയടി ആരോപിച്ചുള്ള പീഡനത്തില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയതതെന്നാണ് ആരോപണങ്ങള്‍.
സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുന്നത്. അടുത്ത ദിവസം തന്നെ ക്രൈംബ്രാഞ്ച് സംഘം കോളജിലെത്തി തെളിവെടുക്കും. അധ്യാപകരുള്‍പ്പെടെയുള്ളവരില്‍ നിന്ന് സംഘം മൊഴിയെടുത്തേക്കുമെന്നും സൂചനയുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍ കോഴിക്കോട് വളയം ആശോകന്റെ മകന്‍ ജിഷ്ണു പ്രണയോയിയെ (18)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കോളെജിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമാകുകയാണ്. കൂടാതെ വിദ്യാര്‍ഥി സംഘടനകളും കടുത്ത പ്രതിഷേധങ്ങളുമായി സമരരംഗത്തുണ്ട്.