എന്തായിരുന്നു ജിഷ്ണു ചെയ്ത തെറ്റ്?; പരീക്ഷയിൽ കോപ്പിയടിച്ചതായി റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് പരീക്ഷാ കൺട്രോളർ, കോളേജിന്റെ വാദം പൊളിയുന്നു

എന്തായിരുന്നു ജിഷ്ണു ചെയ്ത തെറ്റ്?; ജിഷ്ണു കോപ്പിയടിച്ചിട്ടില്ല, സത്യം മറനീക്കി പുറത്ത് വരുന്നു

പാലക്കാട്| aparna shaji| Last Modified ചൊവ്വ, 10 ജനുവരി 2017 (10:46 IST)
പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ആയിരുന്ന ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയ് കോപ്പിയടിച്ചിട്ടില്ലെന്ന് പരീക്ഷാ കൺട്രോളർ വ്യക്തമാക്കുന്നു. ജിഷ്ണു കോപ്പിയടിച്ചതായി ഒരു റിപ്പോർട്ടും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. രജിസ്ട്രാറും പരീക്ഷാ കൺട്രോളറും കോളജ് സന്ദർശിച്ചു. കോപ്പിയടിച്ചതിനെ തുടർന്നാണ് ജിഷ്ണുവിനെ ഡീബാർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന കോളജിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്കിടെ കോപ്പിയടിച്ചു എന്നാരോപിച്ച് വിഷ്ണുവിനെ അധ്യാപകന്‍ പരിഹസിച്ചെന്നും, പിന്നീട് ഡീബാര്‍ ചെയ്യുമെന്ന് പറഞ്ഞതായുമാണ് മറ്റു വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ജിഷ്ണുവിനെ ഓഫീസില്‍ കൊണ്ടുപോയ അധ്യാപകന്‍ ഡീ ബാര്‍ നടപടികള്‍ ആരംഭിച്ചിരുന്നതായും ആരോപണമുണ്ട്. എന്നാല്‍ ജിഷ്ണു കോപ്പിയടിച്ചതിന് തെളിവില്ലെന്നാണ് മറ്റു വിദ്യാര്‍ത്ഥികളുടെ ആരോപണം.

സംഭവത്തിന് ശേഷം ഹോസ്റ്റല്‍ മുറിയിലെത്തിയ ജിഷ്ണു കൈ ഞെരമ്പ് മുറിച്ച ശേഷമാണ് തൂങ്ങിമരിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ജിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാനായി ഹോസ്റ്റലില്‍ താമസിക്കുന്ന അതേ അധ്യാപകനെ തന്നെ വിളിച്ചെങ്കിലും താന്‍ വരില്ലെന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ കട്ട് ചെയ്തതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. കോളേജിനും മാനേജ്‌മെന്റിനുമെതിരെയും എന്തെങ്കിലും പ്രതിഷേധമുയര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തലും പതിവാണ്.

ജിഷ്ണുവിന്റെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. വിഷ്ണു ആത്മഹത്യ ചെയ്തതല്ല, കോളേജ് മാനേജ്‌മെന്റ് കൊന്നതാണെന്നും ആരോപണമുണ്ട്. അതേസമയം പുറത്ത് വന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ജിഷ്ണുവിന്റെ മരണം കെട്ടിത്തൂങ്ങി തന്നെയാണ്. ശരീരത്ത് മർദ്ദനമേറ്റതിന്റെ ലക്ഷണങ്ങളും ഇല്ല. മൂക്കിൽ കാണുന്ന മുറിവിന്റെ ആഴവും പഴക്കവും അനുസരിച്ചായിരിക്കും ഇനിയുള്ള അന്വേഷണം.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :