പെരുമ്പാവൂർ|
jibin|
Last Updated:
ബുധന്‍, 4 മെയ് 2016 (10:45 IST)
പെരുമ്പാവൂർ കുറുപ്പംപടിയിൽ നിയമവിദ്യാർഥിനി ജിഷയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ ഉന്നത ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തിട്ടും തെളിവൊന്നും ലഭിച്ചില്ല. മുതിര്‍ന്ന
പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ രഹസ്യകേന്ദ്രത്തില്‍ വിശദമായ ചോദ്യം ചെയ്യല്‍ നടത്തിയിട്ടും സംഭവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന യാതൊരു തെളിവോ സൂചനയോ ലഭിച്ചില്ല.
ഇരുപത്തിയാറുകാരനായ യുവാവാണ് പൊലീസ് കസ്‌റ്റഡിയിലുള്ളത്. സംഭവം നടക്കുന്നതിന്റെ പിറ്റേ ദിവസം തന്നെ ഇയാള്‍ നാട്ടില്‍ നിന്ന് മാറിയതാണ് സംശയത്തിന് ഇടയാക്കിയത്. ഇയാളുടെ മൊബൈല്‍ സിഗ്‌നല്‍ സംഭവസ്ഥലത്തിനടുത്ത ടവറില്‍ നിന്ന് ലഭിക്കുകയും ചെയ്‌തതിനെ തുടര്‍ന്നാണ് പൊലീസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി ചോദ്യം ചെയ്യല്‍ നടത്തിയത്.
തുടര്‍ച്ചയായി അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്‌തിട്ടും കൊലപാതകവുമായി ബന്ധപ്പെട്ട യാതൊരു തുമ്പും പൊലീസിന് ലഭിച്ചില്ല. പീഡനത്തിനിടെ
ജിഷ പ്രതിയുടെ ശരീരത്ത് മുറിവേല്‍പ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പിടിയിലായ യുവാവിന്റെ ശരീരത്ത് മല്‍പ്പിടുത്തത്തിന്റെയോ പാടുകളോ മുറിവുകളോ ഇല്ല എന്നതും പൊലീസിനെ വലയ്‌ക്കുന്നുണ്ട്. ജിഷയുടെ വീട്ടില്‍ നിന്ന് രണ്ട് വിരലടയാളം ലഭിച്ചിട്ടുണ്ട്. ഇത് പൊലീസ്
പരിശോധിക്കുന്നുണ്ട്. ഇതിന്റെ റിസല്‍ട്ട് വന്നാല്‍ മാത്രമെ കൊലപാതകത്തിലേക്ക് എന്തെങ്കിലും തെളിവ് ലഭിക്കുകയുള്ളൂവെന്നാണ് പൊലീസും വ്യക്തമാക്കുന്നത്.
അതേസമയം, പിടിയിലായ ആൾക്ക് തയാറാക്കിയ രേഖാചിത്രവുമായി സാമ്യമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കണ്ണൂരിലെ ഹോട്ടലില്‍ ജോലി ചെയ്തിരുന്നയാളാണ് പിടിയിലായത്. രണ്ടുദിവസം മുമ്പാണ് പാചകക്കാരനായി ഇയാള്‍ ഹോട്ടലില്‍ ജോലിയില്‍ പ്രവേശിച്ചത്. ഏഴുപേരാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാള്‍,
ജിഷയുടെ സുഹൃത്തും അയല്‍വാസിയുമായ ആളാണെന്നും റിപ്പോര്‍ട്ടുണ്ട്.