ന്യൂഡല്‍ഹി/തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 13 ജൂലൈ 2016 (17:14 IST)
കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഇരുപത്തിയൊന്നു മലയാളികളും ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ എത്തിയതായി റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ എത്തിയ ഇവര്‍ മെയ് ജൂണ്‍ മാസങ്ങളില്‍ ഇവിടെ നിന്നും ടൂറിസ്‌റ്റ് വിസയില്‍ ഇറാനില്‍ എത്തുകയും അവിടെ നിന്നും അതിര്‍ത്തി കടന്ന് ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരുടെ വിവിധ കേന്ദ്രങ്ങളിലേക്ക് പോയതായിട്ടുമാണ് റിപ്പോര്‍ട്ട്.
എമിഗ്രേഷന്‍ രേഖകളില്‍ നിന്നാണ് കാണാതായവരെക്കുറിച്ച് വ്യക്തമായ ധാരണകള്‍ ലഭിച്ചത്. പാസ്പോര്‍ട്ട് പരിശോധിച്ചതില്‍ നിന്ന് ഇവര്‍ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി യാത്ര പുറപ്പെട്ടിരുന്നുവെന്നും കണ്ടെത്തി. തങ്ങള്‍ എങ്ങോട്ടാണ് പോകുന്നതെന്നും അതിനായി വ്യക്തമായ പ്ലാനിംഗും പദ്ധതികളും ഒരുക്കുകയും ചെയ്‌തിരുന്നു.
രണ്ടും മുന്നും പേരടങ്ങുന്ന സംഘമായിട്ടാണ് വിദേശത്തേക്ക് കടന്നത്. ഇറാന്‍ അതിര്‍ത്തി കടന്ന് ഇറാഖിലോ സിറിയയിലോ ഇവര്‍ എത്തിച്ചേര്‍ന്നിട്ടുണ്ടാവുമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. എന്നാല്‍, മതിയായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ഈ കാര്യത്തില്‍ സ്ഥിരീകരണമില്ല.
കാണാതായ 21 പേരില്‍ 17 പേര്‍ കാസര്‍ ഗോഡ് ജില്ലയില്‍ നിന്നുള്ളവരും നാലു പേര്‍ പാലക്കാട് ജില്ലയില്‍ നിന്നുമുള്ളവരുമാണ്. അതേസമയം
കേരളത്തില്‍ നിന്നും അപ്രത്യക്ഷവരായവരില്‍ ചിലര്‍ ഐഎസിന്റെ ഭാഗമായെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്(റോ) ഏറ്റെടുത്തു.
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐബി) നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ഐഎസ് ബന്ധം സ്ഥിരീകരിക്കാന്‍ സാധിക്കാത്തതിനാലാണ് അന്വേഷണം റോ ഏറ്റെടുത്തത്. വിദേശരാജ്യങ്ങളില്‍ ഐഎസുമായി ബന്ധപ്പെട്ടതായി സംശയമുള്ള ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ റോ ഉദ്യോഗസ്ഥര്‍ ഐബിക്കു നല്‍കി. ഇതില്‍ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഐബി സംസ്ഥാന എഡിജിപിക്കു കൈമാറിയിട്ടുണ്ട്.