തൃശൂര്‍|
jibin|
Last Modified ചൊവ്വ, 22 മാര്‍ച്ച് 2016 (11:56 IST)
രാമവര്‍മപുരം പൊലീസ് അക്കാദമി ഐജി സുരേഷ് രാജ് പുരോഹിതിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഔദ്യോഗിക വാഹനമോടിച്ച സംഭവത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയ പൊലീസുകാരെ സത്യമംഗലം കാട്ടിലേക്കു പരിശീലനത്തിന് അയച്ചു. കാട്ടിലും വിഷമഘട്ട പ്രദേശങ്ങളിലും ജോലി നോക്കുന്നവര്‍ക്കും കമാന്‍ഡോ ഉദ്യോഗസ്ഥര്‍ക്കും നല്‍കുന്ന പരിശീലന ക്യാമ്പിലേക്കാണ് ചട്ടങ്ങള്‍ മറികടന്ന് പൊലീസുകാരെ തിരുകി കയറ്റിയിരിക്കുന്നത്.
സിവില്‍ ഓഫിസര്‍മാരെ സാധാരണ ഇത്തരം പരിശീലനത്തിന് അയക്കുന്ന പതിവില്ലെങ്കിലും പ്രതികാര നടപടിയുടെ ഭാഗമായി ഇവരെ മനപ്പൂര്‍വ്വം സംഘത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. പരിശീലനത്തിന് അയച്ച 19 അംഗ സംഘത്തില്‍ ബറ്റാലിയന്‍ അംഗങ്ങള്‍ക്ക് പുറമെയാണ് അഞ്ചു സിവില്‍ പൊലീസ് ഓഫിസര്‍മാരെയും ഉള്‍പ്പെടുത്തിയത്.
പരിശീലനത്തിനുള്ള സംഘത്തെ നേരത്തെ തീരുമാനിച്ചിരുന്നതാണെങ്കിലും അവസാന നിമിഷം കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു.
ഐജിയും സേനയിലെ ഒരു വിഭാഗം പൊലീസുകാരും സംയുക്‍തമായി നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് പൊലീസുകാര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കാന്‍ അണിയറയില്‍ നീക്കം നടന്നത്. ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ദൃശ്യങ്ങളുടെ ഉറവിടം തേടി ഐജി പല പൊലീസുകാരെയും രഹസ്യമായി ചോദ്യം ചെയ്തിരുന്നു. സേനയിലെ ഉന്നതരുമായി വിഷയം ചര്‍ച്ച ചെയ്യുകയും പൊലീസ് നടപടികളെ തടയുകയും ചെയ്‌തിരുന്നു.
ഐജിക്കെതിരെ കേസെടുക്കാൻ കഴിഞ്ഞ ദിവസം തൃശൂർ ജുവനൈൽ കോടതി ഉത്തരവിട്ടു. എന്നിട്ടും കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല. കോടതി ഉത്തരവു ലഭിച്ചിട്ടില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്നാണു വിയ്യൂർ പൊലീസിന്റെ വിശദീകരണം. കേസെടുക്കുന്നതു സംബന്ധിച്ചു വിയ്യൂർ പൊലീസ് മേലുദ്യോഗസ്ഥരോടു നിയമോപദേശം തേടിയെങ്കിലും കേസെടുക്കേണ്ടതില്ല എന്ന നിർദേശമാണു മുകളിൽനിന്ന് ഉണ്ടായതെന്നു പറയുന്നു.