കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം; സമാപനച്ചടങ്ങില്‍ പ്രകാശ് രാജ് മുഖ്യാതിഥി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 15 ഡിസം‌ബര്‍ 2023 (11:22 IST)
കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം. സമാപനച്ചടങ്ങില്‍ പ്രകാശ് രാജ് മുഖ്യാതിഥിയായെത്തും. വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഏറ്റുവാങ്ങും. വൈകിട്ട് ആറിനു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അന്താരാഷ്ട്ര മല്‍സര വിഭാഗത്തിലെ സിനിമകള്‍ക്കുള്ള അവാര്‍ഡുകളും നെറ്റ് പാക്, ഫിപ്രസ്‌കി, കെ.ആര്‍. മോഹനന്‍ അവാര്‍ഡുകളും സമ്മാനിക്കും.

ക്യൂബയുടെ ഇന്ത്യന്‍ സ്ഥാനപതി അലെഹാന്ദ്രോ സിമാന്‍കാസ് മറിന്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയാകും . ക്യൂബയില്‍നിന്നുള്ള പ്രതിനിധിസംഘത്തിലുള്‍പ്പെട്ട സംവിധായകരായ ഹോര്‍ഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗില്‍, നിര്‍മ്മാതാവ് റോസ മരിയ വാല്‍ഡസ് എന്നിവരെ ആദരിക്കും.

ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷനാകും. മേയര്‍ ആര്യാ രാജേന്ദ്രന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, പോര്‍ച്ചുഗീസ് സംവിധായികയും ജൂറി ചെയര്‍പേഴ്സണുമായ റീത്ത അസവെദോ ഗോമസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, ക്യൂറേറ്റര്‍ ഗോള്‍ഡാ സെല്ലം , കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാര്‍, അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

സമാപനച്ചടങ്ങിനു മുന്നോടിയായി അഞ്ചു മണിക്ക് കര്‍ണാട്ടിക്, ഫോക്, സിനിമാറ്റിക് മ്യൂസിക് എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള
'വിന്‍ഡ് ഓഫ് റിഥം' എന്ന സംഗീതപരിപാടി അരങ്ങേറും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :