സ്വത്ത് അവകാശത്തെതുടർന്ന് ബന്ധം പിരിയാൻ കോടതിയിലെത്തി, ഒത്തുതീർപ്പിനൊടുവിൽ വീണ്ടും ഒത്തുചേരൽ; രണ്ടാം ദിവസം ഭാര്യയെ വെട്ടിക്കൊന്നു

കോടതിയിലെ പിണക്കം തീര്‍ത്തു: രണ്ടാം ദിവസം ഭാര്യയെ വെട്ടിക്കൊന്നു

അമ്പലപ്പുഴ| Last Modified ബുധന്‍, 8 മാര്‍ച്ച് 2017 (12:54 IST)
കുടുംബ കോടതിയില്‍ ദമ്പതികള്‍ തമ്മിലുള്ള പിണക്കം ഒത്തുതീര്‍പ്പിലെത്തിച്ചതിന്‍റെ രണ്ടാം ദിവസം ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. അമ്പലപ്പുഴ വടക്കു പഞ്ചായത്ത് മൂന്നാം വാര്‍ഡ്
കുറവന്‍തോട് ഇടവഴിക്കല്‍ വീട്ടില്‍ സബിത എന്ന 28 കാരിയാണു ഭര്‍ത്താവിന്‍റെ വെട്ടേറ്റ് ദാരുണമായി മരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു നാടിനെ ആകെ ദു:ഖത്തിലാഴ്ത്തിയ ഈ സംഭവം നടന്നത്. ഹിന്ദു സമുദായാംഗമായിരുന്ന സന്ദീപ് (36) ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് എട്ടു വര്‍ഷം മുമ്പ് മുസ്ലീം മതം സ്വീകരിച്ച് സല്‍മാന്‍ എന്ന പേരും മാറ്റി കബീര്‍ - ആബിദ ദമ്പതികളുടെ മകളായ സബിതയെ വിവാഹം കഴിച്ചത്. ഇവര്‍ താമസിച്ചിരുന്ന വീടും സ്ഥലവും സന്ദീപിന്‍റെയും സബിതയുടെയും പേരിലായിരുന്നു. എന്നാല്‍ ഇത് സന്ദീപിന്‍റെ പേരിലാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഇരുവരും തമ്മില്‍ വഴക്ക് കൂടിയത്. ബന്ധം വേര്‍പെടുത്താന്‍ കുടുംബ കോടതിയില്‍ എത്തിയെങ്കിലും പരസ്പര ധാരണയോടെ ഇരുവരും ഒരുമിച്ചു ജീവിക്കാന്‍ സമ്മതിച്ചു.

ഇതു കഴിഞ്ഞ് രണ്ടാം ദിവസമാണ് ഇരുവരും പുറത്തു പോയി വീട്ടില്‍ മടങ്ങിയെത്തിയതും തുടര്‍ന്ന് വഴക്ക് ആരംഭിച്ചതും. ഇവരുടെ ഏകമകനായ ഏഴു വയസുകാരന്‍ ഈ സമയം സ്കൂളിലായിരുന്നു. വെട്ടുകത്തിയെടുത്ത് സന്ദീപ് സബിതയുടെ കഴുത്തിന്‍റെ ഇരുവശത്തും വെട്ടുകയായിരുന്നു. അലര്‍ച്ച കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോഴേക്കും സബിത മരിച്ചിരുന്നു.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് പുന്നപ്ര പൊലീസ് എത്തിയാണ് സന്ദീപിനെ പിടികൂടിയത്. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന സന്ദീപ് നിരവധി അടിപിടി കേസുകളില്‍ പ്രതിയാണെന്നും റിപ്പോര്‍ട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :