അഭിറാം മനോഹർ|
Last Modified ചൊവ്വ, 19 ജൂലൈ 2022 (19:15 IST)
സംസ്ഥാനത്തെ റോഡുകളുടെ ശോചനാവസ്ഥയിൽ സംസ്ഥാനസർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി. റോഡുകളുടെ കുഴിയടയ്ക്കണമെങ്കിൽ കെ-റോഡ് എന്ന് പേരിടണമോയെന്നും ഹൈക്കോടതി ചോദിച്ചു. നല്ല റോഡ് എന്നത് ജനങ്ങളുടെ അവകാശമാണെന്നും കോടതി ചൂണ്ടികാട്ടി.
നിരത്തുകളിലെ അപകടങ്ങൾ ഓരോ ദിവസവും വർധിക്കുകയാണ്. റോഡുകൾ ആറ് മാസത്തിനകം താറുമാറായാൽ വിജിലൻസ് കേസെടുക്കണം. ഒരു വർഷത്തിനുള്ളിൽ ആഭ്യന്തര അന്വേഷണം പൂർത്തിയാക്കണം. എഞ്ചിനിയർമാർക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. കേരളത്തിൽ എല്ലായിടത്തും മഴ പെയ്യുമ്പോൾ ചില റോഡുകൾ മാത്രം നശിക്കുന്നത് എങ്ങനെയാണെന്നും കോടതി ആരാഞ്ഞു.
റോഡുകളുടെ മോശം അവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുവെയാണ് കോടതിയുടെ നിരീക്ഷണം. കേസ് ഓഗസ്റ്റ് ഒന്നിന് വീണ്ടും പരിഗണിക്കും. റോഡുകളുടെ ശോചനീയാവസ്ഥയിൽ കോടതി മുൻപും വിമർശനമുന്നയിച്ചിരുന്നു.