സർക്കാരിന് കഴിവില്ലെങ്കിൽ കേസുകൾ സ്വകാര്യ അഭിഭാഷകരെ ഏൽപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി| VISHNU N L| Last Modified വ്യാഴം, 23 ജൂലൈ 2015 (16:00 IST)
സർക്കാരിന് കഴിവില്ലെങ്കിൽ കേസുകൾ സ്വകാര്യ അഭിഭാഷകരെ ഏൽപ്പിക്കണമെന്നും അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ് അടച്ചുപൂട്ടുന്നതാണ് ഉചിതമെന്നും ഹൈക്കോടതി. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാണ് മുമ്പെങ്ങുമില്ലാത്ത തരത്തില്‍ കടുത്ത വിമര്‍ശനമുന്നയിച്ചത്. രാഷ്ട്രീയ ആഭിമുഖ്യമുള്ളവരെ നിയമിച്ചിരുന്നുവെങ്കിൽ കൂടുതല്‍ പ്രതിബദ്ധതയുണ്ടായേനെയെന്ന് പറഞ്ഞ കോടതി സര്‍ക്കാര്‍ അഭിഭാഷകരില്‍ പലരും അബ്കാരികളുടെ നോമിനികളാണ് എന്ന് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

എജിയുടെ ഓഫീസില്‍ 120 അഭിഭാഷകരുണ്ടായിട്ടും പ്രയോജനമില്ല. ഇവര്‍ അബ്കാരി ഗ്രൂപ്പുകളുടേയോ, ബിസിനസ് ഗ്രൂപ്പുകളുടേയോ നോമിനികളാണ്. സര്‍ക്കാര്‍ അഭിഭാഷകരേക്കൊണ്ട് കേസ് നടത്താന്‍ കഴിയുന്നില്ലെങ്കില്‍ സ്വകാര്യ അഭിഭാഷകരെ ഏല്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. ഇത്രയും അഭിഭാഷകര്‍ ഉണ്ടെങ്കിലും കേസ് നടത്തിപ്പ് കാര്യക്ഷമമല്ല. കോടതി ആവശ്യപ്പെടുന്ന വിവരങ്ങൾ യഥാസമയം ലഭിക്കുന്നില്ല.

കോടതിയുടെ ആവശ്യങ്ങള്‍ കൃത്യസമയത്ത് നടത്തിക്കൊടുക്കുന്ന കാര്യത്തില്‍ എജിയുടെ ഓഫീസ് വീഴ്ചവരുത്തുന്നു. കോടതി ഉത്തരവുകള്‍ നടപ്പാക്കാനും മുന്‍കൈയെടുക്കുന്നില്ല. കേസ് നടക്കുന്ന സമയത്ത് സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് കോടതിയില്‍ വച്ച് ഫയലുകള്‍ കൈമാറുന്നതും മറ്റും കോടതിയുടെ നടപടികള്‍ക്ക് തടസ്സമുണ്ടാക്കുന്നുണ്ട്. ഇത് തുടര്‍ന്നാല്‍ കോടതിയലക്ഷ്യമായി കണ്ട് പിഴയീടാക്കുമെന്നും കോടതി പറഞ്ഞു.

എജി ഓഫിസ് പ്രവർത്തനം എങ്ങനെയെന്ന് തമിഴ്നാടിനെ കണ്ടു പഠിക്കണമെന്നും സോളാര്‍ കേസില്‍ മാത്രമാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ ആത്മാര്‍ത്ഥത കാണിച്ചതെന്നും കോടതി വിമര്‍ശിച്ചു. അറ്റോർണി ജനറലിനെ കുറ്റപ്പെടുത്താൻ മുഖ്യമന്ത്രിക്ക് എന്ത് അധികാരമാണുള്ളത്. അറ്റോർണി ജനറലിനെ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രി എജിയുടെ ഓഫിസിന്റെ പ്രവർത്തനം സുഗമമാക്കണമെന്നും കോടതി ഉപദേശിച്ചു.

അതേസമയം കോടതിയുടെ വിമര്‍ശനത്തില്‍ പ്രതിഷേധിച്ച് എജിയുടെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും നേതൃത്വത്തില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ പ്രതിഷേധിക്കുകയാണ്. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ ബഞ്ചിനു മുന്നിലാണ് പ്രതിഷേധിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :