അഭിറാം മനോഹർ|
Last Modified വ്യാഴം, 14 മാര്‍ച്ച് 2024 (12:44 IST)
കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കുന്നതെങ്കില്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റിന് വിധേയനാകണമെന്ന് ഹൈക്കോടതി. ടെസ്റ്റിന് വിധേയമായി ടെസ്റ്റ് പാസകണമെന്നാണ് ജസ്റ്റിസ് എന്‍ നഗരേഷിന്റെ ഉത്തരവ്. ഇത് സംബന്ധിച്ച ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ 2009 ഒക്ടോബര്‍ 15ലെ സര്‍ക്കുലര്‍ നിയമവിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം സ്വദേശി സെബാസ്റ്റ്യന്‍ ജേക്കബ് നല്‍കിയ ഹര്‍ജി കോടതി തള്ളി.
ഹര്‍ജിക്കാരന്റെ ലൈസന്‍സിന് 2020 ഒക്ടോബര്‍ 30 വരെയാണ് കാലാവധിയുണ്ടായിരുന്നത്. കൊവിഡ് മൂലം ലൈസന്‍സ് പുതുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് 2022 ജൂലൈ 17നാണ് പുതുക്കല്‍ അപേക്ഷ നല്‍കുന്നത്. തുടര്‍ന്ന് ജോയിന്റ് ആര്‍ടിഒ ലൈസന്‍സ് പുതുക്കി നല്‍കി. 2032 ജൂലൈ 14 വരെയായിരുന്നു കാലാവധി. പിന്നീട് സ്മാര്‍ട്ട് കാര്‍ഡാക്കാനായി അപേക്ഷ നല്‍കിയപ്പോള്‍ ലൈസന്‍സ് പുതുക്കിയത് നിയമവിരുദ്ധമാണെന്ന് കാണിച്ച് നോട്ടീസ് ലഭിക്കുകയായിരുന്നു. ലൈസന്‍സ് പുതുക്കാന്‍
ഡ്രൈവിങ് ടെസ്റ്റ് നടത്തിയില്ലെന്ന കാരണം കാണിച്ചായിരുന്നു നോട്ടീസ്.
കാലാവധി കഴിഞ്ഞ് 5 വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ മാത്രം മതിയെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ 2019ല്‍ സമഗ്രമായ ഭേദഗതിയുണ്ടായെന്നും കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് അപേക്ഷ നല്‍കുന്നതെങ്കില്‍ ടെസ്റ്റ് പാസാകണമെന്നും സര്‍ക്കുലര്‍ നിയമാനുസൃതമാണെന്നും കോടതി വ്യക്തമാക്കി.