എ കെ ജെ അയ്യര്‍|
Last Updated:
ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (16:39 IST)
ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് പത്ത് കിലോ കഞ്ചാവ് കടത്താന്‍ സഹായിച്ച ദമ്പതികള്‍ അടക്കം നാല് പേരെ പോലീസ് അറസ്‌റ് ചെയ്തു.കഞ്ചാവ് കടത്തുന്നതിന് നേതൃത്വം നല്‍കിയ തിരുവനന്തപുരം കല്ലറ താന്ന്യം സുറുമിയ മന്‍സിലില്‍ ജാഫര്‍ഖാന്‍ (34), വെള്ളാംകുടി മുജീബ് മന്‍സിലില്‍ റിയാസ് (39) എന്നിവര്‍ക്കൊപ്പം പള്ളിമുക്ക് പള്ളിക്കുന്നില്‍ പുത്തന്‍വീട്ടില്‍ ഷെമീര്‍ (31), ഭാര്യ സുമി (26)എന്നിവരുമാണ് തൃശൂര്‍ ഷാഡോ പോലീസിന്റെ പിടിയിലായത്.
കുടുംബവുമായി വരുമ്പോള്‍ വാഹന പരിശോധനയില്‍ നിന്ന് രക്ഷപെടാമെന്ന നിഗമനത്തിലാണ് ഭാര്യാ ഭര്‍ത്താക്കന്മാരായ ഷെമീറിനെയും ഭാര്യ സുമിയെയും കഞ്ചാവ് കടത്തു സംഘം ഒപ്പം കൂട്ടിയത്. ആന്ധ്രയില്‍ പോയി മടങ്ങി വരുമ്പോള്‍ ഇവര്‍ക്ക് ഇതിനു പ്രതിഫലമായി ഒരു ടെലിവിഷനും മേശയും സംഘം വാഗ്ദാനം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡ് പരിസരത്തു നിന്നാണ് വാഹന പരിശോധനയ്ക്കിടെ കാറിന്റെ ബോണറ്റില്‍ നിന്ന് വിപണിയില്‍ ഒമ്പത് ലക്ഷം രൂപ വില വരുന്ന പത്ത് കിലോ കഞ്ചാവ് പിടികൂടിയത്. ഷെമീറായിരുന്നു വാഹനം ഓടിച്ചത്, മുന്‍സീറ്റില്‍ ഭാര്യ സുമിയും ഇരുന്നിരുന്നു.
പിടിയിലായ ജാഫര്‍ ആന്ധ്രാ, ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് എത്തിച്ച് മൊത്തക്കച്ചവടം നടത്തുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് കടത്തലിന് ഇയാള്‍ക്കെതിരെ നിരവധി കേസുകളാണുള്ളത്. കൂട്ട് പ്രതിയായ റിയാസ് ഒരു മാസം മുമ്പാണ് ഗള്‍ഫില്‍ നിന്നെത്തിയത്. നിരവധി അടിപിടി കേസുകളില്‍ പ്രതിയാണ് ഇയാള്‍.