അറസ്റ്റ് ചെയ്യുകയാണെങ്കിൽ അഭിമാനത്തോടെ ജയിലിൽപോകും; ഭാഗ്യലക്ഷ്മി

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 27 സെപ്‌റ്റംബര്‍ 2020 (10:39 IST)
യുട്യൂബ് വീഡിയോകളിലൂടെ സ്ത്രീകളെ അവഹേളിച്ച വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്യുകയാണെങ്കിൽ അഭിമാനത്തോടെ ജയിലിലേയ്ക്ക് പോകുമെന്ന് ഭാഗ്യലക്ഷ്മി. കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കും വേണ്ടി രക്തസാക്ഷിയാകാൻ തനിയ്ക്ക് മടിയില്ല എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസിൽ ഭാഗ്യലക്ഷ്മി ഉൾപ്പടെ മൂന്നുപേർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം തമ്പാനൂർ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

'ഈ വീഡിയോ കൂറേ കാലമായി ആളുകൾ കാണുന്നുണ്ട്. ആരും പ്രതികരിയ്ക്കാൻ തയ്യാറായില്ല. പൊലിസ് ചെറുവിരൽ പോലും അനക്കിയില്ല. ഞങ്ങൾ അവിടെ ചെന്ന് ചോദ്യം ചെയ്തത് ഒരു കുറ്റമാണെങ്കിൽ നിയമപരമായി നേരിടാൻ തയ്യാറാണ്. ജാമ്യമില്ല വകുപ്പ് പ്രകാരം ജയിലിൽ പോകേണ്ടിവരികയാണെങ്കിൽ തലയിൽ മുണ്ടിട്ട് പോകേണ്ട കാര്യമില്ല. അന്തസ്സായി തന്നെ പോകും. കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കുംവേണ്ടിയാണ് പ്രതികരിച്ചത്. ഇതിന്റെ പേരിൽ ഒരു നിയമഭേദഗതി ഇവിടെ ഉണ്ടാവുകയാണെങ്കിൽ ഉണ്ടാവട്ടെ. അല്ലെങ്കില്‍ ഇനിയും ഭാഗ്യലക്ഷ്മിമാര്‍ ഉണ്ടാകും. അവര്‍ നിയമം കൈയിലെടുക്കേണ്ട അവസ്ഥ വരും' ഭാഗ്യലക്ഷ്മി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :