Last Modified തിങ്കള്‍, 27 മെയ് 2019 (11:30 IST)
കൊച്ചിയില്‍ വന്‍ തീ പിടിത്തം. കൊച്ചിയിലെ ബ്രോഡ് വേ മാര്‍ക്കറ്റിലാണ് അപകടം നടന്നത്. മൂന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. തീ മറ്റ് കെട്ടിടങ്ങളിലേക്ക് പടരാതിരിക്കാനുള്ള നടപടികള്‍ ചെയ്തുകൊണ്ടിരിക്കുവാണ്. ഭദ്ര ടെക്സ്റ്റയില്‍സ് എന്ന മൊത്ത വ്യാപാര വസ്ത്ര ശാലയിലാണ് തീപിടുത്തം നടന്നിരിക്കുന്നത്.
കൂടുതല്‍ ഫയര്‍ഫോഴ്‌സും പോലീസും രക്ഷാപ്രവര്‍ത്തകും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കൊച്ചിയിലെ ഏറ്റവും പഴയ വ്യാപാര കേന്ദ്രങ്ങളില്‍ ഒന്നായ ബ്രോഡ് വേ മാര്‍ക്കറ്റ് വളരെ ഇടുങ്ങിയതും തിരക്കേറിയതുമാണ്. അതുകൊണ്ട് തന്നെ പത്ത് മണിക്ക് നടന്ന തീപിടുത്തം അണയ്ക്കാന്‍ ഫയര്‍ഫോഴ്‌സ് എത്തിയപ്പോള്‍ പത്തര കഴിഞ്ഞിരുന്നു.
തൃക്കാക്കരയില്‍ നിന്നും കൊച്ചിയില്‍ നിന്നും കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കൊച്ചി റിഫൈനറിയുടെയും, ഷിപ്പിയാര്‍ഡും ഫയര്‍ ഫോഴ്‌സും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോട്രംസ്റ്റില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിക്കാന്‍ ധാരണയായിട്ടുണ്ട്.
ഭദ്ര ടെക്സ്റ്റയില്‍സില്‍ നിന്ന് തുടങ്ങിയ അഗ്‌നിബാധ നിമിഷ നേരം കൊണ്ട് കൂടുതല്‍ കടകളിലേക്ക് പടരുകയായിരുന്നു. മൂന്ന് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഭദ്ര ടെക്സ്റ്റല്‍സ് പൂര്‍ണമായും കത്തി നശിച്ചുകൊണ്ടിരിക്കുകയാണ്. കെട്ടിട്ടത്തിന്റെ മേല്‍ക്കൂര ഏതാണ്ട് കത്തിയമര്‍ന്നു. കെട്ടിട്ടത്തിലേക്ക് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പ്രവേശിച്ചിട്ടുണ്ട്.
കെട്ടിട്ടത്തിനകത്തെ തീയണയ്ക്കാനാണ് ഇവരുടെ ശ്രമം. ചുറ്റുവട്ടത്തുള്ള എല്ലാ കടകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. തൊട്ട് അടുത്തുള്ള മറ്റ് കടകളിലേക്ക് തീ പടരുന്നത് തടയാനായി ഫയര്‍ഫോഴ്‌സ് ചുറ്റുവട്ടത്തെല്ലാം വെള്ളം ചീറ്റി കൊണ്ടിരിക്കുകയാണ്.