മാധ്യമങ്ങള്‍ വേട്ടയാടുന്നുവെന്ന് ദിലീപ്; ഇങ്ങനെയൊരു കേസിൽ ഇത് സ്വാഭാവികമെന്ന് ഹൈക്കോടതി

 Dileep , cinema , police , highcourt , പൊലീസ് , ദിലീപ് , പീഡനം , നടി , കൊച്ചി
കൊച്ചി| Last Modified ബുധന്‍, 22 മെയ് 2019 (15:37 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി. ഹര്‍ജി ജൂലൈ 3ന് ശേഷം വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

നടിയെ ഉപദ്രവിക്കുന്ന വീഡിയോ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയിട്ടുള്ള ഹര്‍ജിയിലെ കോടതി തീരുമാനത്തിന് ശേഷം ദിലീപിന് വേണമെങ്കിൽ വാദം കേൾക്കാൻ അപേക്ഷ നൽകാമെന്നും കോടതി ചൂണ്ടിക്കാട്ടി.

സിബിഐ അന്വേഷണം വന്നാല്‍ വിചാരണ കൂടാതെ കുറ്റവിമുക്തനാകുമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും മാധ്യമങ്ങള്‍ ദിലീപിനെ വേട്ടയാടുകയാണെന്നും അദ്ദേഹം കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

അതേസമയം, കേസില്‍ പ്രതിയല്ലെങ്കിലും ദിലീപ് ഒരു സെലിബ്രിറ്റിയായതിനാല്‍ മാധ്യമശ്രദ്ധ സ്വാഭാവികമല്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം.

ദിലീപ് സിനിമാ നടനായതിനാലും അദ്ദേഹത്തിന്‍റെ സ്വഭാവവും കൊണ്ടാണ് മാധ്യമങ്ങൾ പിന്തുടരുന്നത്. ഇങ്ങനെയൊരു കേസിൽ ആരോപണ വിധേയനായാൽ പരസ്യമായി നടക്കാൻ എളുപ്പമാവില്ല. കേസിലെ അന്വേഷണം തൃപ്തികരമാണെന്ന് ഹൈകോടതി സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്. തനിക്കെതിരായ കേസ് നിലനിൽക്കില്ലെന്നുണ്ടെങ്കിൽ കേസ് റദ്ദാക്കാൻ ഹരജി നൽകുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :