യുവാവിനെ നടുറോഡില്‍വച്ച് കുത്തി, ഓടി രക്ഷപ്പെടാന്‍ നോക്കിയ യുവതിയെ നാട്ടുകാര്‍ തടഞ്ഞു; കണ്ടുനിന്ന ഭര്‍ത്താവ് ബൈക്കില്‍ കടന്നുകളഞ്ഞു

നെല്‍വിന്‍ വില്‍സണ്‍| Last Updated: തിങ്കള്‍, 31 മെയ് 2021 (11:48 IST)

ആറ്റിങ്ങലില്‍ ഞായറാഴ്ച ഉച്ചയോടെ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. കോരാണിയില്‍ ദേശീയപാതയോരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം നടന്നു. കുത്തേറ്റ മംഗലപുരം ഇടവിളാകം നിജേഷ് ഭവനില്‍ നിധീഷ് (30) ഗുരുതര പരുക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ സുഹൃത്ത് പനവൂര്‍ കൊല്ലായില്‍ സ്വദേശി രശ്മി (26) ആണ് കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. രശ്മിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വാളിക്കോട് പ്രവര്‍ത്തിക്കുന്ന ജനസേവന കേന്ദ്രത്തിലെ ജീവനക്കാരന്‍ നിധീഷുമായി രശ്മി മൂന്ന് മാസമായി സൗഹൃദത്തിലാണ്. ഇക്കാര്യം രശ്മിയുടെ വീട്ടില്‍ അറിഞ്ഞു. ഭര്‍ത്താവും രശ്മിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായി. കുടുംബ പ്രശ്‌നം സംബന്ധിച്ച് കഴിഞ്ഞ 19ന് വെഞ്ഞാറമൂട് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേരെയും വിളിച്ചുവരുത്തി പ്രശ്‌നം പരിഹരിച്ച് വിട്ടയച്ചു. എന്നാല്‍, വീണ്ടും ഭര്‍ത്താവുമായി വഴക്കുണ്ടായതിന്റെ അടിസ്ഥാനത്തില്‍ രശ്മി കഴിഞ്ഞ ദിവസം കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഞായറാഴ്ച രാവിലെ പത്തോടെ ഭര്‍ത്താവ് അജീഷിനും കുഞ്ഞിനും ഒപ്പം കോരാണിയിലെത്തിയ രശ്മി നിധീഷിനെ അങ്ങോട്ട് വിളിച്ചു വരുത്തി. ഉച്ചയ്ക്ക് രണ്ടോടെ ദേശീയപാതയോരത്തുള്ള കടയുടെ ചായ്പില്‍ വച്ച് രശ്മി നിതീഷിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു.

കൃത്യം നടക്കുമ്പോള്‍ രശ്മിക്കൊപ്പം ഉണ്ടായിരുന്ന ഭര്‍ത്താവ് അജീഷും രണ്ടര വയസ്സുള്ള കുഞ്ഞും സംഭവ സ്ഥലത്തു നിന്നു രക്ഷപ്പെട്ടതായാണ് പറയുന്നത്. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും ഭര്‍ത്താവ് കുഞ്ഞുമായി ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. രശ്മിക്ക് ഈ ബൈക്കില്‍ കയറാന്‍ സാധിച്ചില്ല. ശബ്ദം കേട്ട് ഓടിക്കൂടിയ പരിസരവാസികള്‍ രശ്മിയെ തടഞ്ഞുനിര്‍ത്തുകയായിരുന്നു.

പരുക്കേറ്റ നിധീഷിനെ നാട്ടുകാര്‍ ചേര്‍ന്ന് വലിയകുന്ന് താലൂക്ക് ആശുപത്രിയിലും, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വലതു കൈപ്പത്തിയിലും വയറിലും കുത്തേറ്റ നിധീഷിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. അതേസമയം, രശ്മിയുടെ ഭര്‍ത്താവാണ് കഴുത്തില്‍ കുത്തിയതെന്നും രശ്മി തന്നെ പിടിച്ചുവച്ചു കൊടുക്കുകയായിരുന്നെന്നും നിതീഷ് പറഞ്ഞതായാണ് വിവരം. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :