ചൂട് ഉടനെ അവസാനിക്കില്ല, എൽ നിനോ കൂടിയെത്തുമ്പോൾ രാജ്യം അത്യുഷ്ണത്തിലേക്കെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified ചൊവ്വ, 25 ഏപ്രില്‍ 2023 (19:36 IST)
കഠിനമായ ചൂടിൽ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് രാജ്യത്തെ ജനങ്ങൾ. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ചൂട് കനത്തതോടെ എന്ത് ചെയ്യണം എന്നറിയാതെ നെട്ടോട്ടമോടുകയാണ് നാട്ടുകാർ. എന്നാൽ ഇത് ഉടനെയൊന്നും അവസാനിക്കില്ലെന്നും എൽ നിനോ കൂടിയെത്തുമ്പോൾ ഉഷ്ണതരംഗവും വരൾച്ചയും വർധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥ ശാസ്ത്രജ്ഞർ.

കിഴക്കൻ ശാന്ത സമുദ്രോപരിതലത്തിലെ ജലത്തിൻ്റെ താപനില വർധികുന്ന കാലാവസ്ഥ പ്രതിഭാസമാണ് എൽ നിനോ. ഇതുമൂലം ഭൂമധ്യരേഖയിലൂടെ പടിഞ്ഞാറോട്ട് വീശുന്ന കാറ്റിൻ്റെ വേഗം കുറയുകയും ചൂടുള്ള സമുദ്രജലം കിഴക്കോട്ട് തള്ളപ്പെടുകയും ചെയ്യുന്നു. ഇത് താപനില ഉയരുന്നതിനും കാലവർഷം ദുർബലമാകാനും ഇടയാകുന്നു. 2 മുതൽ 7 വർഷം വരെയുള്ള ഇടവേളകളിലാണ് ഈ പ്രതിഭാസം ഉണ്ടാകുക. 2016ൽ എൽ നിനോ രൂപം കൊണ്ടതോടെ ചരിത്രത്തിലെ ഏറ്റവും ചൂടുള്ള വർഷമായി 2016 മാറിയിരുന്നു.

എൽ നിനോ എത്തൂന്നതോടെ താപനില 0.2 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് അനുമാനം. ഇന്ത്യയിൽ ഇത്തവണ എൽനിനോയുടെ പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കാലാവർഷത്തിൻ്റെ രണ്ടാം പകുതിയിലാകും എൽ നിനോയുടെ പ്രഭാവമുണ്ടാവുക എന്നാണ് കണക്കാക്കുന്നത്. ഇത് ഇന്ത്യയുടെ ആകെ മഴയുടെ 70 ശതമാനവും ലഭിക്കുന്ന കാലവർഷത്തെ ദുർബലപ്പെടുത്താനും അത്യുഷ്ണത്തിനും വരൾച്ചയ്ക്കും കാരണമാകുമെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞർ പ്രവചിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :