പിറന്നാൾ ആഘോഷത്തിന് പോയ വിദ്യാർത്ഥിനി ആറ്റിൽ മുങ്ങിമരിച്ചു

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 17 മെയ് 2023 (14:33 IST)
കൊല്ലം: കൂട്ടുകാരിയുടെ പിറന്നാൾ ആഘോഷത്തിന് പോയ കൂട്ടുകാരികളുടെ സംഘത്തിലെ ഒരു വിദ്യാർത്ഥിനി ആറ്റിൽ മുങ്ങിമരിച്ചു. മഹാദേവേശ്വരം അനിതാസിൽ തുളസി - അനിത ദമ്പതികളുടെ മകൾ മീനു തുളസി എന്ന പത്തൊമ്പതുകാരിയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെ ഇത്തിക്കരയാറ്റിൽ പോരേടം കല്ലടത്തണ്ണി വട്ടത്തിൽ തങ്ങൾ വെള്ളച്ചാട്ടത്തിലാണ് കുട്ടി മുങ്ങിമരിച്ചത്. തിരുവനന്തപുരം ലോ കോളേജ് രണ്ടാം വർഷ നിയമ വിദ്യാർത്ഥിനിയാണ് മരിച്ച മീനു തുളസി.

സംഘത്തിൽ നിയമ വിദ്യാർത്ഥികളായ നാലു പെൺകുട്ടികളും ഏഴു ആൺകുട്ടികളും പനപ്പാംകുന്നിലെ സുഹൃത്തിന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞായിരുന്നു ആറ്റിൽ എത്തിയത്. ആറ്റിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു മീനു കയത്തിൽ പെട്ടത്. കൂട്ടുകാർ മീനുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്നാണ് പോലീസും അഗ്നിരക്ഷാസേനയും എത്തിയതും മൃതദേഹം കണ്ടെടുത്തതും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :