സ്‌കൂട്ടറിലെത്തി മാല പൊട്ടിച്ചുകടന്നയാളെ പോലീസ് പിടികൂടി

എ കെ ജെ അയ്യര്‍| Last Modified ശനി, 21 മെയ് 2022 (20:54 IST)
കായംകുളം: നമ്പർ പ്ളേറ്റ് മറച്ചുവച്ചു കോട്ടയത്ത് നിന്ന് കായംകുളത്തെത്തി സ്വർണ്ണമാല പൊട്ടിച്ചു കടന്നുകളഞ്ഞ 45 കാരനെ പോലീസ് പിടികൂടി. കോട്ടയം തൃക്കൊടിത്താനം പായിപ്പാട് നാലുകോടി കൂട്ടത്തെട്ടു വടക്കേ പറമ്പ് വീട്ടിൽ തോമസ് കുര്യാക്കോസ് എന്ന പപ്പനാണ് പിടിയിലായത്.

കഴിഞ്ഞ ഏഴാം തീയതി കൃഷ്ണപുരം കാപ്പിൽ മാവേലി സ്റ്റോറിൽ വന്ന സ്ത്രീയുടെ മൂന്നര പവന്റെ മാലയാണ് ഇയാൾ പിടിച്ചുപറിച്ച കടന്നുകളഞ്ഞത്. സ്‌കൂട്ടറിന്റെ നമ്പർപ്ളേറ്റ് മറച്ചുവച്ചതിനാൽ നമ്പർ കണ്ടെത്താൻ കഴിഞ്ഞില്ല. സഹികെട്ട പോലീസ് കായംകുളം മുതൽ എറണാകുളം വരെയും പിന്നീട് കായംകുളം ഭരണിക്കാവ് വഴി കോട്ടയം വരെയും ഉള്ള ആയിരത്തോളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചാണ് ഇയാളെ പിടികൂടിയത്.

സമാനമായ നിരവധി കുറ്റകൃത്യങ്ങൾ നടത്തിയ ആളാണ് പ്രതിയെന്നു പോലീസ് കണ്ടെത്തി. ഇയാൾക്കെതിരെ കൊലപാതകം, പിടിച്ചുപറി, കഞ്ചാവ് വിൽപ്പന തുടങ്ങി 22 ഓളം കേസുകൾ നിലവിലുണ്ട്. അപകടകാരിയായ ഇയാളെ തന്ത്രപൂർവം രണ്ട് ദിവസം വീട്ടിനടുത്ത് കാത്തിരുന്നാണ് പോലീസ് പിടികൂടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :