പരാജയമോ കേരള മോഡല്‍?

രേണുക വേണു| Last Updated: വ്യാഴം, 26 ഓഗസ്റ്റ് 2021 (09:39 IST)

ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് പോസിറ്റീവ് കേസുകളില്‍ പകുതിയിലധികവും ഇപ്പോള്‍ കേരളത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കുത്തനെ താഴുമ്പോള്‍ കേരളത്തില്‍ അത് നേര്‍വിപരീതമാണ്. ദിനംപ്രതി കേരളത്തിലെ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കോവിഡിന്റെ ആദ്യ തരംഗത്തെ പ്രതിരോധിക്കുന്നതില്‍ കേരളം ഏറ്റവും മികച്ചുനിന്നിരുന്നു. ഇന്ത്യയ്ക്ക് പുറത്തും കേരള മോഡല്‍ വലിയ ചര്‍ച്ചയായി. എന്നാല്‍, രണ്ടാം തരംഗത്തില്‍ കോവിഡിന്റെ ഭീകരമായ മുഖം കേരളവും കണ്ടു. ഏറെ കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡല്‍ പരാജയമാണെന്നാണോ ഇതില്‍ നിന്നു വ്യക്തമാകുന്നത്? കേരളത്തില്‍ ഇപ്പോള്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരാന്‍ പ്രധാനപ്പെട്ട കാരണങ്ങള്‍ എന്താണ്?

വൈറസ് ബാധയേല്‍ക്കാത്തവരുടെ എണ്ണം കൂടുതല്‍

കേരളത്തില്‍ രണ്ടാം തരംഗം ഇത്ര രൂക്ഷമാകാന്‍ പ്രധാന കാരണം ആന്റിബോഡിയുടെ കുറവാണ്. ഐസിഎംആര്‍ പുറത്തുവിട്ട അവസാന സിറോ സര്‍വേ പ്രകാരം കേരളത്തിലെ 44.4 ശതമാനം പേര്‍ക്ക് മാത്രമാണു വൈറസിനെതിരെയുള്ള ആന്റിബോഡിയുള്ളത്. അതായത് ജനസംഖ്യയിലെ 56 ശതമാനത്തോളം പേര്‍ ഇപ്പോഴും കോവിഡിനെതിരായ ആന്റിബോഡി ഇല്ലാത്തവരാണ്. ഇവരില്‍ വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. കോവിഡിനെതിരായ വാക്സിനേഷന്‍ യജ്ഞം സാവധാനത്തിലായതും രോഗികളുടെ എണ്ണം കൂടാന്‍ കാരണമായി.

ഹോം ഐസൊലേഷന്‍ രീതി

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരാന്‍ മറ്റൊരു പ്രധാന കാരണം ഹോം ഐസോലേഷന്‍ രീതിയാണ്. കേരളത്തില്‍ കോവിഡ് പോസിറ്റീവ് ആയവരില്‍ വലിയൊരു ശതമാനം ആളുകളും വീടുകളില്‍ തന്നെയാണ് കഴിയുന്നത്. കോവിഡ് ബാധിച്ചവരില്‍ രോഗലക്ഷണങ്ങള്‍ കുറവാണ്. വലിയൊരു ശതമാനം ആളുകള്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ല. അതുകൊണ്ട് വീടുകളില്‍ തന്നെയാണ് കൂടുതല്‍ പേരും ഐസൊലേഷനില്‍ കഴിയുന്നത്. ഓഗസ്റ്റ് 25 ലെ കണക്ക് പ്രകാരം 4,70,860 പേരാണ് കേരളത്തില്‍ കോവിഡ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 26,582 പേര്‍ മാത്രമാണ് ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടുതല്‍ പേരും ഹോം/ഇന്‍സ്റ്റിറ്റിയൂഷണല്‍ ഐസൊലേഷനിലാണ്. സംസ്ഥാനത്ത് കോവിഡ് രോഗികളില്‍ നടപ്പിലാക്കുന്ന ഹോം ഐസൊലേഷനാണ് രോഗവ്യാപനത്തിനു കാരണമെന്ന് കേരളം സന്ദര്‍ശിച്ച കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു. ഹോം ഐസൊലേഷന്‍ രീതിയില്‍ വീഴ്ചയുണ്ടെന്നാണ് കേരളത്തിലെത്തിയ കേന്ദ്ര സംഘം വിലയിരുത്തിയത്. ഒരാള്‍ കോവിഡ് പോസിറ്റീവ് ആയാല്‍ ആ വീട്ടിലെ എല്ലാവരും രോഗബാധിതരാകുന്ന സാഹചര്യമാണ് കേരളത്തില്‍ ഉള്ളതെന്ന് കേന്ദ്രസംഘം പറയുന്നു.

കേരളത്തില്‍ കോവിഡ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാതിരുന്ന രോഗികള്‍ക്ക് വീടുകളിലാണ് ചികിത്സ നല്‍കിയിരുന്നത്. ഇത്തരം രോഗികളിലെ ഗാര്‍ഹിക നിരീക്ഷണം പാളിയതാണ് പ്രധാന പ്രശ്നമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീടുകളില്‍ മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങളൊന്നും കാര്യക്ഷമമായി നടന്നിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഇതാണ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഹോം ഐസൊലേഷനില്‍ കഴിയുന്നവരും വീടുകളിലുള്ളവരും തമ്മില്‍ സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ചയുണ്ടായി എന്നാണ് കണ്ടെത്തല്‍.

ആഘോഷങ്ങള്‍ക്കായി നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചത്

കേരളത്തിന്റെ ജാഗ്രത പാളിയത് വിവിധ ആഘോഷങ്ങള്‍ക്കായി കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതാണ്. ഓണം അടക്കമുള്ള വിവിധ ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും ദിവസങ്ങളില്‍ എല്ലാവിധ കോവിഡ് നിയന്ത്രണങ്ങളും ലംഘിച്ച് ജനങ്ങള്‍ പുറത്തിറങ്ങി. വ്യാപാര സ്ഥാപനങ്ങളിള്‍ അടക്കം വലിയ ജനത്തിരക്കുണ്ടായി. ഇത് രോഗവ്യാപനത്തിനു കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

കേരളത്തിലെ ടെസ്റ്റിങ് രീതി

കേരളം തുടക്കംമുതല്‍ പരീക്ഷിക്കുന്നത് പരമാവധി പേരെ ടെസ്റ്റിങ്ങിന് വിധേയമാക്കുന്ന രീതിയാണ്. രാജ്യത്ത് ആകെ നടക്കുന്ന ടെസ്റ്റിന്റെ വലിയൊരു ശതമാനവും കേരളത്തിലാണ്. രോഗസാധ്യതയുള്ളവരെ പ്രാദേശിക തലത്തില്‍ കണ്ടെത്തുകയും അവരെയെല്ലാം കൃത്യമായി നിരീക്ഷണത്തിനു വിധേയമാക്കുകയും ചെയ്യുന്നു. ഓഗസ്റ്റ് 25 ലെ കണക്ക് പ്രകാരം കേരളത്തില്‍ 1,65,273 സാംപിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് മുഴുവന്‍ നടത്തുന്ന ആകെ ടെസ്റ്റിന്റെ പത്ത് ശതമാനത്തിലേറെയും കേരളത്തില്‍ മാത്രം നടക്കുന്നുണ്ട്. ട്രേസിങ്-ടെസ്റ്റിങ്-ട്രാക്കിങ് മെത്തേഡ് ആണ് കേരളം തുടക്കം മുതല്‍ പിന്തുടരുന്നത്.


കേരളം പരീക്ഷിച്ചത് വ്യത്യസ്തമായ പ്രതിരോധരീതി

ആരോഗ്യസംവിധാനത്തിന്റെ പരിധിയും കടന്ന് രോഗവ്യാപനം പോകരുതെന്നാണ് കേരളം തുടക്കംമുതല്‍ ലക്ഷ്യമിടുന്നത്. രോഗവ്യാപനത്തിന്റെ വേഗത കുറയ്ക്കുകയാണ് ഈ പദ്ധതി. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് അതിന്റെ പരമാവധിയിലെത്തിയപ്പോള്‍ കേരളത്തില്‍ സ്ഥിതി അതായിരുന്നില്ല. അയല്‍സംസ്ഥാനങ്ങളില്‍ ആദ്യ കോവിഡ് തരംഗത്തില്‍ 30 ശതമാനം പേര്‍ വരെ രോഗബാധിതരായി. എന്നാല്‍, കേരളത്തില്‍ ഒന്നാം തരംഗത്തില്‍ 11 ശതമാനം പേര്‍ മാത്രമാണ് രോഗബാധിതരായത്. ആരോഗ്യസംവിധാനത്തിന്റെ അപ്പുറത്തേക്ക് രോഗികളുടെ എണ്ണം കുതിച്ചുയരാതിരിക്കാനാണ് തുടക്കംമുതല്‍ ശ്രദ്ധിക്കുന്നത്. രോഗവ്യാപനത്തിന്റെ വേഗത കുറച്ചതുകൊണ്ടാണ് കേരളത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലെ ആശുപത്രികള്‍ നിറയുകയും വെന്റിലേറ്റര്‍ സൗകര്യങ്ങളും ഓക്‌സിജന്‍ ക്ഷാമവും കാരണം മരണം റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും ചെയ്തത്. ആരോഗ്യസംവിധാനങ്ങളുടെ സര്‍ജ് കപ്പാസിറ്റിക്ക് മുകളില്‍ കേരളത്തിലെ രോഗവ്യാപനം ഇതുവരെ പോയിട്ടില്ല. അങ്ങനെ പോയാല്‍ കാര്യങ്ങള്‍ താളംതെറ്റും. രോഗവ്യാപനതോത് സാവധാനത്തില്‍ ആക്കുന്നതിന്റെ ഭാഗമായാണ് രണ്ടാം തരംഗം കേരളത്തില്‍ നീണ്ടുപോകുന്നത്. മറ്റ് സംസ്ഥാനങ്ങളെ സംബന്ധിച്ച് നോക്കുമ്പോള്‍ കേരളത്തില്‍ രോഗം ബാധിക്കാത്തവരുടെ എണ്ണം ഇപ്പോഴും കൂടുതലാണ്. ഒറ്റയടിക്ക് വലിയൊരു ശതമാനം പേരും അയല്‍ സംസ്ഥാനങ്ങളില്‍ രോഗബാധിതരായി. അതുകൊണ്ടാണ് രണ്ടാം തരംഗം കേരളത്തില്‍ സാവധാനം നടക്കുന്നത്.

കേരളത്തിലെ ജനസാന്ദ്രത

കേരളത്തിലെ ഉയര്‍ന്ന ജനസാന്ദ്രതയും രോഗവ്യാപനം രൂക്ഷമാകാന്‍ കാരണമായി. കേരളത്തിലെ കൊറോണ വൈറസ് ബാധ ഏതെങ്കിലും ഒരു സ്ഥലത്ത് മാത്രമായി ഒതുങ്ങി നില്‍ക്കുന്നതല്ല. 14 ജില്ലകളിലും ഏകദേശം ഒരേപോലെ ബാധിക്കുന്ന തരത്തിലാണ് കേരളത്തിലെ സ്ഥിവിശേഷം.

രോഗികളുടെ എണ്ണം കൂടുമ്പോഴും മരണനിരക്ക് കുറയ്ക്കുന്നതില്‍ വിജയം

കോവിഡ് മരണസംഖ്യ നിയന്ത്രിക്കുന്നതില്‍ കേരളം മികച്ചുനില്‍ക്കുന്നു. ഓഗസ്റ്റ് 25 ലെ കണക്ക് പ്രകാരം കേരളത്തില്‍ 31,445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ മരണസംഖ്യ 215 ആണ്. എന്നാല്‍, രോഗികളുടെ എണ്ണത്തില്‍ കേരളത്തിനു താഴെ നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ മുന്നൂറിനടുത്ത് മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണമാകട്ടെ 5,000 ത്തില്‍ താഴെയും. കേരളത്തിലെ മരണനിരക്ക് 0.51 ആണ്. എന്നാല്‍, മഹാരാഷ്ട്രയിലേത് 2.12 ശതമാനവും. നിലവില്‍ പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തില്‍ താഴെ മാത്രമുള്ള അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്നാട്ടിലും മരണനിരക്ക് 1.25 ന് മുകളിലാണ്. രാജ്യത്തെ മുഴുവന്‍ കണക്കുകള്‍ പരിശോധിച്ചാല്‍ രോഗികളുടെ എണ്ണം ഉയരുമ്പോഴും മരണനിരക്ക് ഏറ്റവും താഴ്ന്നു നില്‍ക്കുന്ന ഏക സംസ്ഥാനം കേരളം മാത്രമാണ്.

ആരോഗ്യമന്ത്രിയെ മാറ്റിയത് തിരിച്ചടിയായോ?

മഹാവ്യാധിയുടെ കാലത്ത് ആരോഗ്യമന്ത്രിയെ മാറ്റിയത് ശരിയായില്ല എന്ന തരത്തില്‍ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കെ.കെ.ശൈലജയ്ക്ക് പകരം വീണ ജോര്‍ജ്ജിനെ ആരോഗ്യമന്ത്രിയാക്കിയത് കേരളത്തിന്റെ കോവിഡ് പ്രതിരോധത്തില്‍ വിള്ളലേല്‍ക്കാന്‍ കാരണമായെന്നാണ് ആരോപണം. എന്നാല്‍, ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നേരത്തെ നടന്നിരുന്നതുപോലെ ഇപ്പോഴും തുടരുന്നുണ്ട്. ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ അവലോകനയോഗം എല്ലാ ദിവസവും നടക്കുന്നുണ്ട്. അതാത് ദിവസത്തെ കോവിഡ് വിവരങ്ങള്‍ മന്ത്രി തന്നെയാണ് പങ്കുവയ്ക്കുന്നത്. ആരോഗ്യമന്ത്രി മാറിയപ്പോഴും ആരോഗ്യവകുപ്പിലെ ടീമില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല, കേരളത്തിനു ആവശ്യമായ വാക്‌സിന്‍ ഡോസ് കൃത്യമായി ലഭിക്കാന്‍ കേന്ദ്രത്തോട് സമ്മര്‍ദം ചെലുത്താനും ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന് സാധിച്ചു. വീണയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനും പൂര്‍ണ തൃപ്തിയുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :