കോൺഗ്രസ് യോജിച്ച് പോകുന്നില്ലെങ്കിൽ സ്വന്തം വഴി നോക്കും, മുന്നണിയില്‍ തുടരാനാകില്ല: ഷിബു ബേബി ജോണ്‍

തിരുവനന്തപുരം| VISHNU N L| Last Updated: വ്യാഴം, 21 മെയ് 2015 (15:22 IST)
കോണ്‍ഗ്രസിനും യു ഡി‌ എഫിനും എതിരെ ആഞ്ഞടിച്ചു കൊണ്ട് തൊഴില്‍ വകുപ്പ് മന്ത്രിയും ആര്‍‌ എസ്‌ പി നേതാവുമായ ഷിബു ബേബി ജോണ്‍ രംഗത്ത്. കോൺഗ്രസ് യോജിച്ച് പോകുന്നില്ലെങ്കിൽ സ്വന്തം വഴി നോക്കുമെന്നും ഈ നിലപാടുകളാണെങ്കില്‍ മുന്നണിയില്‍ തുടരാനാകില്ലെന്നുമാണ് ഷിബു ബേബി ജോണ്‍ പറഞ്ഞത്.

ഇത്തരമൊരു സംവിധാനത്തിൽ തുടരാനാകില്ല. തമ്മിലടിച്ച് അപഹാസ്യമായി പോകുന്ന സമീപനത്തോട് യോജിക്കാൻ കഴിയില്ല.അച്ചടക്കമില്ലാതെ വായിൽ തോന്നുന്ന എന്തും പറയുന്നത് സര്‍ക്കാരിന് ഗുണപരമല്ല .ഇത് കറക്റ്റ് ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ്സിനുണ്ടെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എൻകൗണ്ടര്‍ പരിപാടിയിലാണ് കോണ്‍ഗ്രസിനോടും മുന്നണിയില്‍ തങ്ങളോടുള്ള സമീപനത്തിലും ഷിബു ബേബി ജോണ്‍ അതൃപ്തി പ്രകടിപ്പിച്ചത്.

മുന്നണി മാറ്റത്തിൽ തീരുമാനം എടുത്തിട്ടില്ല. ആര്‍ എസ് പി
ഒരു രാഷ്ട്രീയ നിലപാടെടുത്ത് യു ഡി എഫില്‍ നില്‍ക്കുകയാണ് . മറിച്ചൊരു തീരുമാനമെടുക്കാനുള്ള രാഷ്ട്രീയ സാഹചര്യം നിലവില്‍ ഇല്ലെന്നും എല്‍ ഡി എഫിലേക്ക് വി എസ് സ്വാഗതം ചെയ്യുന്നതിനെ ഗൗരവമായി കാണുന്നില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു. സീതാറാം യെചൂരിയും എന്‍ കെ പ്രേമചന്ദ്രനുമായി മുന്നണി മാറ്റം സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്നും അത്തരത്തില്‍ ഒരു ചര്‍ച്ച നടന്നിരുന്നെങ്കില്‍ പ്രേമചന്ദ്രന്‍ അത് സംസ്ഥാന ഘടകത്തില്‍ അവതരിപ്പിക്കുമായിരുന്നുവെന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :