തിരുവനന്തപുരം|
സജിത്ത്|
Last Modified ശനി, 1 ഏപ്രില്‍ 2017 (10:56 IST)
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ നീക്കിയ ജേക്കബ് തോമസിനെ പ്രതിക്കൂട്ടിലാക്കി ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ നീക്കുന്നതിന് മൂന്ന് ദിവസം മുമ്പ് നല്‍കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഡ്രഡ്ജര്‍ കേസ്, തമിഴ്‌നാട്ടിലെ സ്വത്ത് മറച്ചുവെക്കല്‍ എന്നിവയിലാണ് എജിക്ക് സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളില്‍ എജി വിശദീകരണം ചോദിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസിന്റെ തമിഴ്‌നാട്ടിലെ സ്വത്ത് സമ്പാദനവും മറച്ചുവെക്കലും അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടികാണിച്ചുള്ള റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് നല്‍കിയത്. ധനകാര്യപരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ചും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇതില്‍ കേസ് രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.