aparna shaji|
Last Modified ശനി, 1 ഏപ്രില്‍ 2017 (07:47 IST)
വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ ഇത്രയും കാലം സരക്ഷിച്ച സർക്കാരിന്, അദ്ദേഹത്തെ പെട്ടന്നൊരു ദിവസം താൽക്കാലികമായിട്ടാണെങ്കിലും മാറ്റിയത് എന്തുകൊണ്ടാണെന്ന് പൊതുസമൂഹത്തോട് വ്യക്തമാക്കേണ്ട ബാധ്യത മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഏതൊക്കെ ഉദ്യോഗസ്ഥരാണ് വേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം മുഖ്യമന്ത്രിയ്ക്കുണ്ട്. എന്നാൽ വിമർശനങ്ങൾ ഒരുപാട് ഉണ്ടായപ്പോഴും മുഖ്യമന്ത്രി ജേക്കബ് തോമസിനെ സംരക്ഷിയ്ക്കുകയായിരുന്നു. ജേക്കബ്ബ് തോമസിന്റെ കട്ടില്‍ കണ്ട് ആരും പനിക്കണ്ട എന്നാണ് നിയമസഭയില്‍ പോലും മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ, ഇപ്പോൾ അദ്ദേഹം തന്നെ മുൻകൈ എടുത്ത് നീക്കിയതിന്റെ സത്യാവസ്ഥ എന്താണെന്ന് വ്യക്തമാക്കണമെന്ന് ചെന്നിത്തല പറയുന്നു.
ഇന്നലെയാണ് വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ നീക്കിയത്. സംസ്ഥാന പൊലീസ് മേധാവിയായ ലോക്നാഥ് ബെഹ്റയ്ക്കാണ് വിജിലൻസിന്റെ അധിക ചുമതല. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശമനുസരിച്ച് ജേക്കബ് തോമസ് ഒരു മാസത്തെ അവധിയിൽ പ്രവേശിച്ചതായാണ് റിപ്പോർട്ട്.