കഴക്കൂട്ടം|
Last Modified ഞായര്‍, 21 ജൂണ്‍ 2015 (17:31 IST)
പണമിടപാടുമായി ബന്ധപ്പെട്ട് വീട്ടുടമയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് അമിത നിരക്കിലുള്ള പലിശ ഈടാക്കി വന്നിരുന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാറശാല മഞ്ചവിളാകം ശ്രീമൂകാംബികയില്‍ സുജിത് കൃഷ്ണ (39), വലിയവേളി മേരി വില്ലയിലെ സുജിത് (31), പ്രാവച്ചമ്പലം കോണ്‍വന്‍റ് റോഡിലെ രുദ്രാക്ഷം വീട്ടില്‍ ശങ്കര്‍ (35) എന്നിവരാണു കഴക്കൂട്ടം പൊലീസിന്‍റെ പിടിയിലായത്.
കഴക്കൂട്ടം ടെക്നോപാര്‍ക്കിനടുത്ത് ബാറ്റില്‍ എക്സിം എന്ന കമ്പനിയുടെ പാര്‍ട്ട്‍ണര്‍മാരില്‍ ഒരാളായ ഡോ.ഹിലൂര്‍ മുഹമ്മദിനെയാണ് പണമിടപാടുമായി ബന്ധപ്പെട്ട് ഇവര്‍ വീടു കയറി മര്‍ദ്ദിച്ചത്. ഇതിനു ശേഷം 80 ലക്ഷം രൂപയുടേ ജാഗ്വാര്‍ കാറും ഇവര്‍ തട്ടിയെടുത്തു.
ഹിദൂര്‍ മുഹമ്മദ് പ്രതികളില്‍ നിന്ന് 25 ലക്ഷം രൂപ വായ്പയെടുത്തിരുന്നു.എന്നാല്‍ നാലു തവണകളായി പലിശ ഇനത്തില്‍ മാത്രം 20 ലക്ഷം രൂപ തിരിച്ചു നല്‍കിയതായി ഹിദൂര്‍ മുഹമ്മദ് പറഞ്ഞു. കൂടുതല്‍ പലിശ വേണം എന്ന ആവശ്യം നിരസിച്ചതിനാണു മര്‍ദ്ദനമുണ്ടായത്.
പ്രതികളില്‍ നിന്ന് നിരവധി ബ്ലാങ്ക് ചെക്കുകള്‍, പ്രോ നോട്ടുകള്‍, മുദ്രപ്പത്രങ്ങള്‍ എന്നിവ പിടിച്ചെടുത്തതായി കഴക്കൂട്ടം സി.ഐ കെ.എസ്.അരുണ്‍ അറിയിച്ചു.