കോഴിക്കോട് പി ടി ഉഷ, പത്തനംതിട്ടയിൽ ഉണ്ണി മുകുന്ദൻ, തയ്യറാണെങ്കിൽ ചിത്രയേയും പരിഗണിക്കാൻ ബിജെപി നീക്കം

അഭിറാം മനോഹർ| Last Modified വെള്ളി, 26 ജനുവരി 2024 (11:20 IST)
ലോക്‌സഭാ തിരെഞ്ഞെടുപ്പില്‍ നേതാക്കള്‍ക്കൊപ്പം വിവിധ മേഖലകളില്‍ പ്രശസ്തരായ പ്രമുഖരെയും കളത്തിലിറക്കാന്‍ ബിജെപി നീക്കം. സംഘപരിവാര്‍ വോട്ടുകള്‍ക്കപ്പുറം വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ശേഷിയുള്ളവരെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്. പകുതി മണ്ഡലങ്ങളിലെങ്കിലും പാര്‍ട്ടി പ്രതിച്ഛായയില്ലാത്തവരെ മത്സരിപ്പിക്കാനാണ് നീക്കം. തൃശൂരില്‍ നടന്‍ സുരേഷ് ഗോപിയ്ക്ക് ലഭിച്ച സ്വീകാര്യതയുടെ അടിസ്ഥാനത്തിലാണ് പരീക്ഷണം.

രാജ്യസഭാഗം കൂടിയായ ഒളിമ്പ്യന്‍ പി ടി ഉഷയെ കോഴിക്കോട് സ്ഥാനാര്‍ഥിയാക്കുന്ന കാര്യം പാര്‍ട്ടിയുടെ പരിഗണനയിലാണ്. ഉഷ സ്ഥാനാര്‍ഥിയാവുകയാണെങ്കില്‍ പാര്‍ട്ടി വോട്ടുകള്‍ക്കപ്പുറം നേടാനാകുമെന്നാണ് വിലയിരുത്തല്‍. ഉഷയുടെ അസാന്നിധ്യത്തില്‍ പി കെ കൃഷ്ണദാസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളെയാകും പരിഗണിക്കുക. പത്തനംതിട്ടയില്‍ നടന്‍ ഉണ്ണി മുകുന്ദന്‍, കുമ്മനം രാജശേഖരന്‍,പി സി ജോര്‍ജ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. സന്നദ്ധയാവുകയാണെങ്കില്‍ ഗായിക കെ എസ് ചിത്രയെ പരിഗണികണമെന്നും പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്.

കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വലിയ സ്വീകാര്യതയുണ്ടെന്നാണ് ബിജെപിയുടെ കണ്ടെത്തല്‍. അയോധ്യ വിഷയത്തില്‍ കേരളത്തില്‍ നേരത്തെയുണ്ടായിരുന്ന എതിര്‍പ്പ് രാമക്ഷേത്രം ഉയര്‍ന്നതോടെ ഇല്ലാതായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കെ സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎ പദയാത്രയോടെയാകും സംസ്ഥാനത്ത് ബിജെപി പ്രചാരണം അടുത്തഘട്ടത്തിലേക്ക് കടക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :