ന്യൂഡല്‍ഹി|
Last Updated:
ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (19:16 IST)
ഡല്‍ഹിയിലെ കേരള ഹൗസില്‍ നാളെ മുതല്‍ ബീഫ് വിളമ്പും. നേരത്തെ പശുവിറച്ചി വിളമ്പിയെന്നാരോപിച്ച് കേരളാഹൗസിൽ പൊലീസ് പരിശോധന നടത്തിയതിനെ തുടർന്ന് പോത്തിറച്ചി വിളമ്പുന്നത് നിറുത്തിവച്ചിരുന്നു.
ബുധനാഴ്ച മുതൽ വീണ്ടും ബീഫ് ഫ്രൈ വിളമ്പും.റെയ്‌ഡിന്റെ പേരില്‍ ബീഫ് വിഭവങ്ങള്‍ നിര്‍ത്തിവച്ചത് വിവാദമായിരുന്നു. സംസ്‌ഥാന സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ടയ്‌ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
സംഭവത്തിൽ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. കത്തില്‍ അനുവാദമില്ലാതെയാണ് പൊലീസ് പരിശോധന നടത്തിയെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
പശുവിറച്ചി വിളമ്പിയെന്ന് ആരോപിച്ച് കേരള ഹൗസ് കാന്റീനില്‍ സംഘര്‍ഷമുണ്ടാകുകയും പൊലീസ് റെയ്‌ഡ് നടത്തുകയും ചെയ്‌ത നടപടിക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയിരുന്നു. കേരള ഹൌസില്‍ റെയ്ഡ് നടത്തിയ ഡല്‍ഹി പോലീസ് നടപടി തെറ്റാണ്. പൊലീസ് മിതത്വം പാലിക്കണമായിരുന്നെന്നു. സംഭവത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൌസ് സ്വകാര്യ ഹോട്ടലല്ല, സര്‍ക്കാര്‍ സ്ഥാപനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.