കൊച്ചി|
JOYS JOY|
Last Modified വ്യാഴം, 6 ഓഗസ്റ്റ് 2015 (12:01 IST)
ക്രിക്കറ്റില്‍ തന്റെ വിലക്ക് നീങ്ങാന്‍ സമയമെടുക്കും എന്ന് ഉറപ്പായതോടെ ശ്രീശാന്ത് സിനിമയിലേക്ക്. സന ക്രിയേഷന്‍സിന്റെ ബാനറില്‍ സനയാദി റെഡ്ഡി തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച് നിര്‍മ്മിക്കുന്ന ഒരു ക്രിക്കറ്ററുടെ പ്രണയകഥ പറയുന്ന ബഹുഭാഷാചിത്രത്തിലാണ് ശ്രീ നായകനാകുന്നത്. എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
പൂജാ ഭട്ടിന്റെ ബോളിവുഡ് ചിത്രമായ ‘കാബറെ’ക്കു പിന്നാലെയാണ് ശ്രീ ബഹുഭാഷാ ചിത്രത്തില്‍ നായകനാകുന്നത്. അടുത്തമാസം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ചിത്രം ഒരേസമയം തെലുങ്കിലും തമിഴിലും മലയാളത്തിലും എടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സനയാദി റെഡ്ഡി അറിയിച്ചു. 14 ഇന്ത്യന്‍ ഭാഷകളിലേക്ക് ഇത് മൊഴി മാറ്റുകയും ചെയ്യും.
അതേസമയം, മുമ്പും സനയാദി റെഡ്ഡി സിനിമയുടെ കാര്യവുമായി തന്നെ സമീപിച്ചിരുന്നെന്നും കേസിന്റെ പശ്ചാത്തലത്തില്‍ പദ്ധതി വൈകിപ്പിക്കുകയായിരുന്നെന്നും ശ്രീശാന്ത് പറഞ്ഞു. എല്ലാം അനുകൂലമായപ്പോള്‍ അദ്ദേഹം വീണ്ടും സമീപിച്ചു. ഇത് നല്ല അവസരമാണ്. തിരക്കഥയും സംവിധായകനും കമ്പനിയും മികച്ചതാണ്. പല ക്രിക്കറ്റ് താരങ്ങളുടെയും ജീവിതവുമായി ഈ കഥക്ക് ബന്ധമുണ്ടാകാമെന്നും ചില രംഗങ്ങള്‍ക്ക് തന്റെ ജീവിതവുമായി ബന്ധമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.
വിലക്ക് നീക്കി ക്രിക്കറ്റിലേക്ക് മടങ്ങാന്‍ ബി സി സി ഐയുടെ തലപ്പത്തുള്ളവര്‍ അനുവാദം നല്‍കിയാല്‍ രഞ്ജി മുതല്‍ തുടങ്ങാനും താന്‍ തയ്യാറാണെന്നും ശ്രീ വ്യക്തമാക്കി. പരിശീലനം നടത്തി കായികശേഷി നിലനിര്‍ത്തുന്നുണ്ടെന്നും ഇപ്പോള്‍ ഏഴ് കിലോ കുറഞ്ഞെന്നും ശ്രീശാന്ത് പറഞ്ഞു.