പ്രതിപക്ഷത്തിന് കേസ് തോറ്റ അഭിഭാഷകന്റെ അവസ്ഥ: ചെന്നിത്തല

ബാര്‍ കോഴക്കേസ് , രമേശ് ചെന്നിത്തല , വിജിലന്‍സ് , കെഎം മാണി
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 9 ജൂലൈ 2015 (12:36 IST)
ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷത്തിന്റെ നിലപാടുകളെ പരിഹസിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതിപക്ഷത്തിന് കേസ് തോറ്റ അഭിഭാഷകന്റെ അവസ്ഥയാണ്. ബാര്‍ കേസില്‍ നിയമോപദേശം തേടിയതില്‍ തെറ്റില്ല. വിജിലന്‍സ് കേസുകളില്‍ ഇത് പതിവാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനു മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നില്ല. വിജിലന്‍സ് സ്വതന്ത്രമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. പ്രതിപക്ഷം ഉന്നയിക്കുന്നതു പോലെയുള്ള യാതൊരു ഇടപെടലുകളും കേസില്‍ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ബാര്‍ കോഴക്കേസിലെ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ നോട്ടീസിന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു ചെന്നിത്തല.

അതേസമയം, ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെഎം മാണി ശുദ്ധനാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ പറഞ്ഞു. മേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ചേർന്ന് മാണിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കേസിലെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതാണ്. കേസ് ഒതുക്കിതീര്‍ക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി. കേസില്‍ സത്യം പുറത്തു കൊണ്ടുവരാന്‍ ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും വി.എസ് പറഞ്ഞു. വലിയ രീതിയിലുള്ള അട്ടിമറിയാണ് കേസില്‍ നടന്നിരിക്കുന്നത്. മാണിയെ രക്ഷിക്കാന്‍ അവസാനവട്ട ശ്രമവും ഉമ്മന്‍ ചാണ്ടി നടത്തുകയാണ്. മാണിയും ഉമ്മന്‍ ചാണ്ടിയുമടക്കമുള്ള കള്ളക്കൂട്ടങ്ങളെ വെറുതെ വിടില്ലെന്നും ഇവര്‍ക്കെതിരേ സമരം തുടരുമെന്നും വി.എസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :