ആര്യനാട്|
jibin|
Last Modified തിങ്കള്‍, 1 ജൂണ്‍ 2015 (11:22 IST)
ജയിക്കാന്‍ വേണ്ടിയാണ് അരുവിക്കരയില്‍ മത്സരിക്കുന്നതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍. അഴിമതിക്കെതിരെയും ഒത്തൂതീര്‍പ്പ് രാഷ്ട്രീയത്തിനും എതിരെയാണ് ജനങ്ങള്‍ വോട്ട് ചെയ്യുക. അഴിമതിക്കെതിരായ പ്രതിഷേധം രേഖപ്പെടുത്താനുള്ള സുവര്‍ണ്ണാവസരമാണ് അരുവിക്കരയിലെ ജനങ്ങള്‍ക്ക് കിട്ടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആര്യനാട്ട് എത്തിയ രാജഗോപാലിന് ഉജ്ജ്വല സ്വീകരണമാണ് ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയത്. അതേസമയം തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരനും, പി കെ കൃഷ്ണദാസും ഇന്നു ന്യൂഡല്‍ഹിയിലെത്തും. ഞായറാഴ്‌ച തിരുവനന്തപുരത്ത് ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം ഒ രാജഗോപാലിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് സ്ഥാനാര്‍ഥിയാകാന്‍ ഒ രാജഗോപാലും സമ്മതം അറിയിക്കുകയായിരുന്നു.
ഇന്ന് കേരള ഘടകത്തിന്റെ ചുമതല വഹിക്കുന്ന കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷം നാളെ ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുമായും സംസ്ഥാന നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തും. അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര മന്ത്രിമാരും നേതാക്കളും എത്തുന്നതടക്കമുള്ള പ്രചരണ പദ്ധതികള്‍ക്കും ബിജെപി നേതാക്കള്‍ ഡല്‍ഹിയില്‍ രൂപം നല്‍കും.