അമ്മാവനെ കൊലപ്പെടുത്തിയ അനന്തിരവന് 40 വര്‍ഷം കഠിനതടവ്

അമ്മാവനെ കൊന്ന കുറ്റത്തിനു അനന്തിരവനു 40 വര്‍ഷത്തെ കഠിനതടവ് വിധിച്ചു.

തൃശൂര്| Last Modified വെള്ളി, 4 നവം‌ബര്‍ 2016 (13:56 IST)
അമ്മാവനെ കൊന്ന കുറ്റത്തിനു അനന്തിരവനു 40 വര്‍ഷത്തെ കഠിനതടവ് വിധിച്ചു. ഇരിങ്ങാലക്കുട തുമ്പൂര്‍ നിവാസി പാറോക്കാരന്‍ കൊച്ചുപോള്‍ എന്ന 78 കാരനെ കൊന്ന കേസിലാണ് അനന്തിരവനായ കല്ലൂര്‍ മാവുന്‍‍ചുവട് വടക്കും‍ചേരി ടോണി എന്ന തോമസിനു (45) ഈ ശിക്ഷ ലഭിച്ചത്.

2011 നവംബര്‍ 16 നു പുലര്‍ച്ചെയാണു സംഭവം നടന്നത്. അങ്കമാലിയില്‍ ബസ് കണ്ടക്ടറായ ടോണി സുഹൃത്തും ബസ് ക്ലീനറുമായ ജോസഫുമായി തലേ ദിവസം രാത്രി ഒറ്റയ്ക്ക് താമസിച്ചിരുന്ന കൊച്ചുപോളിന്‍റെ വീട്ടിലെത്തി കിടന്നുറങ്ങി. വെളുപ്പിനു എഴുന്നേറ്റ് പോളിനെ കൊന്ന് 45 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങുകയായിരുന്നു.

പറവൂരില്‍ ഒരു കൊലപാതകം നടത്തി ജീവപര്യന്തം തടവു ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയ ശേഷമായിരുന്നു പ്രതിയായ ടോണി ഈ കൊലപാതകം നടത്തിയത്.
തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി തടവ് ശിക്ഷയ്ക്കൊപ്പം രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്നും ഉത്തരവിട്ടു.

എന്നാല്‍ പ്രതിയുടെ സുഹൃത്തായ ജോസഫിനു കൊലപാതകത്തില്‍ ബന്ധമില്ലാതിരുന്നെങ്കിലും കേസില്‍ രണ്ടാം പ്രതിയായാണു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് ഇയാളെ മാപ്പുസാക്ഷിയാക്കി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിത് എന്ന നിലയ്ക്കാണു കോടതി പ്രതിക്ക് 40 വര്‍ഷത്തെ കഠിന തടവ് വിധിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :