രേണുക വേണു|
Last Modified ബുധന്‍, 23 മാര്‍ച്ച് 2022 (13:37 IST)
പത്താം ക്ലാസുകാരിയായ പതിനാറുകാരി മാതാപിതാക്കളുടെ മുന്നില്‍ വച്ച് കിണറ്റില്‍ ചാടി മരിച്ചു. പുത്തൂര്‍ ഇടവട്ടത്താണ് കഴിഞ്ഞ ദിവസം നാടിനെ നടുക്കിയ സംഭവം നടന്നത്. എഴുകോണ്‍ ആലുമുക്ക് പൊരീക്കല്‍ തൊടിയില്‍ തെക്കേവീട്ടില്‍ നീലിമ ഭവനില്‍ ഷാന്‍ കുമാര്‍ - ഉഷ ദമ്പതികളുടെ മകള്‍
നീലിമയാണ് മാതാപിതാക്കളുടെ മുന്നില്‍ വച്ച് ആത്മഹത്യ ചെയ്തത്. നീലിമയുടെ മാതാപിതാക്കളെ സ്‌കൂളില്‍ വിളിച്ചു വരുത്തിയതിനാണ് ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം.
പവിത്രേശ്വരം കെ.എന്‍.എന്‍.എം.എച്ച്.വി.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് നീലിമ. തിങ്കളാഴ്ച ക്ലാസ് അവസാനിച്ചിരുന്നു എങ്കിലും നീലിമയും കൂട്ടുകാരികളും സ്‌കൂള്‍ പോകുന്നെന്ന് പറഞ്ഞു വീട്ടില്‍ നിന്നിറങ്ങി. എന്നാല്‍ ഇവരെ സമീപത്തെ കണ്ട ചില നാട്ടുകാര്‍ സ്‌കൂള്‍ അധികാരികളെ വിവരം അറിയിച്ചപ്പോള്‍ അധ്യാപകര്‍ സ്ഥലത്തെത്തി ഇവരെ സ്‌കൂളിലേക്ക് കൊണ്ടുപോവുകയും രക്ഷകര്‍ത്താക്കളെ വിളിച്ചു വരുത്തുകയും അവര്‍ക്കൊപ്പം കുട്ടികളെ പറഞ്ഞയയ്ക്കുകയും ചെയ്തു.
മാതാപിതാക്കള്‍ നോക്കി നില്‍ക്കെയാണ് നീലിമ ബന്ധു വീട്ടിലെ കിണറ്റില്‍ ചാടിയത്. എന്നാല്‍ നിറച്ചു വെള്ളമുണ്ടായിരുന്ന കിണറ്റില്‍ ചാടിയ നീലിമയെ രക്ഷിക്കാന്‍ മാതാപിതാക്കള്‍ക്കായില്ല. വിവരം അറിഞ്ഞു കുണ്ടറയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് സംഘമാണ് കിണറ്റിനടിയിലെ ചെളിയില്‍ പുതഞ്ഞ നിലയില്‍ നീലിമയുടെ മൃതദേഹം കണ്ടെത്തി വളരെ ശ്രമകരമായി
പുറത്തെടുത്തത്. എഴുകോണ്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.