കോട്ടയം|
rahul balan|
Last Modified വ്യാഴം, 3 മാര്‍ച്ച് 2016 (16:10 IST)
എല്ലാതവണയും പോലെ പാലായിൽ പാട്ടും പാടി ജയിക്കാന്‍ ഇക്കുറി കെ എം മാണിക്ക് കഴിയില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. കാരണം പിസി തോമസിന്റെ സ്ഥാനാർഥിത്വം തന്നെ. തിരഞ്ഞെടുപ്പ് സമയത്ത് മറ്റ് മണ്ഡലങ്ങളിലടക്കം പ്രചാരണങ്ങള്‍ക്ക് പോകുന്ന രീതി ഇക്കുറി കെ എം മാണിക്ക് ഒഴിവാക്കേണ്ടിവരും.
ബാര്‍ കോഴ കേസിലെ തിരിച്ചടിക്ക് ശേഷം പ്രതീക്ഷിക്കാതെയുള്ള അടിയാണ് പി സി തോമസില്‍ സ്ഥാനാർഥിത്വം. പാലായിൽ മത്സരിക്കാനുള്ള താൽപര്യം പി സി തോമസ് എൻഡിഎ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ബി ജെ പിയുടെ പ്രാദേശിക നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പി സി തോമസിനെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്തു.
പൂഞ്ഞാർ, പാല, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളാണ് നേരത്തെ പി സി തോമസിനായി പരിഗണിച്ചിരുന്നത്. എന്നാല്‍ 25,000 വോട്ടുകള്‍ മണ്ഡലത്തില്‍ ഉണ്ടെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടല്‍. ഈയൊരു സാഹചര്യത്തില്‍ ശക്തനായ ഒരു നേതാവിനെ രംഗത്തിറക്കിയാല്‍ പാലാ പിടിക്കാം എന്ന കണക്കുകൂട്ടല്‍ ബി ജെ പി നേതൃത്വത്തിന് ഉണ്ട്.
മൂവാറ്റുപുഴയില്‍ മത്സരിച്ച് ജയിച്ചതിന്റെ ആത്മവിശ്വാസവും പി സി തോമസിനുണ്ട്. അന്ന് ജോസ് കെ മാണിയേയും പി എം ഇസ്മായിലിനെയും തോല്‍പ്പിച്ചാണ് പി സി തോമസ് എന്‍ ഡി യെ മന്ത്രിസഭയുടെ ഭാഗമായത്. ഇക്കുറിയും അതുപോലൊരു അത്ഭുതം സംഭവിക്കും എന്ന കണക്കുകൂട്ടലിലാണ് ബി ജെ പി നേതൃത്വം. എങ്കിലും പാലായില്‍ കെ എം മാണിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പി സി തോമസിന് കഴിയുമൊ എന്ന് കണ്ടറിയണം.