കേരള സംസ്ഥാനം നിലവില്‍ വന്നത് 1956 നവംബര്‍ ഒന്നാം തീയതിയാണെങ്കിലും നമ്മുടെ നിയമനിര്‍മ്മാണ സഭയുടെ ചരിത്രത്തിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്.
നിയമനിര്‍മ്മാണത്തിനും അവയുടെ ക്രമീകരണത്തിനും മറ്റുമായി തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ 1888 മാര്‍ച്ച് 30-ാം തീയതി പാസ്സാക്കിയ റെഗുലേഷനിലൂടെ ഒരു കൗണ്‍സില്‍ സ്ഥാപിച്ചതോടെയാണ് നിയമസഭയുടെ ചരിത്രം ആരംഭിക്കുന്നത്.
കൗണ്‍സിലിന്‍റെ ആദ്യയോഗം 1888 ഓഗസ്റ്റ് 23-ന് ഉച്ചയ്ക്ക് 12.00 മണിക്ക് സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ദിവാന്‍റെ മുറിയില്‍ ചേര്‍ന്നു.
ശ്രീമൂലം അസംബ്ളി എന്ന ജനപ്രതിനിധിസഭ
1904-ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ്, ഭരണവുമായി ചെറിയ തോതിലെങ്കിലും ജനങ്ങളെ ബന്ധപ്പെടുത്തുന്നതിന്, കൗണ്‍സിലിനു പുറമേ 100 അംഗങ്ങളുള്ള ശ്രീമൂലം ജനകീയ പോപ്പുലര്‍ അസംബ്ളി (ജനപ്രതിനിധിസഭ) സ്ഥാപിച്ചതാണ് നിയമസഭാചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ല്.
ശ്രീമൂലം പോപ്പുലര്‍ അസംബ്ളിയുടെ ആദ്യയോഗം 1904 ഒക്ടോബര്‍ 22-ന് വി.ജെ.ടി. ഹാളിലാണ് ചേര്‍ന്നത്.
1933 ജനുവരി 1 ന് ശ്രീമൂലം അസംബ്ളി (അധോമണ്ഡലം) ശ്രീചിത്രാ സ്റ്റേറ്റ് കൗണ്‍സില്‍ (ഉപരി മണ്ഡലം) എന്നീ പേരുകളില്‍ രണ്ടുസഭകള്‍ ഉണ്ടായി. രണ്ടു സഭകളുടെയും എക്സ്-ഒഫിഷ്യോ ചെയര്‍മാന്‍ ദിവാനായിരുന്നു.
1938 ഓഗസ്റ്റ് 6ന് ശ്രീമൂലം പോപ്പുലര്‍ അസംബ്ളിയുടെ വി.ജെ.ടി. ഹാളിലെ അവസാന സമ്മേളനം നടന്നു. സെക്രട്ടേറിയറ്റ് മന്ദിരത്തിലെ അസംബ്ളി ഹാളിലുള്ള അസംബ്ളിയുടെ ആദ്യ സമ്മേളനം 1939 ഫെബ്രുവരി 9 ന് വ്യാഴാഴ്ചയാണ് ചേര്‍ന്നത്. ഈ ഇരട്ടസഭ, 1947 സെപ്റ്റംബര്‍ 4 ന് ഉത്തരവാദഭരണ പ്രഖ്യാപനം നടക്കും വരെ തുടര്‍ന്നു.
ഉത്തരവാദഭരണ പ്രഖ്യാപനത്തോടനുബന്ധിച്ച് പോപ്പുലര്‍ അസംബ്ളി, പ്രായപൂര്‍ത്തി വോട്ടവകാശം മുഖേന തെരഞ്ഞെടുക്കപ്പെടുന്ന 120 അംഗങ്ങളെ പ്രതിനിധീകരിക്കുന്ന സഭയെന്ന നിലയില്‍ തിരുവിതാംകൂറിന്‍റെ കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ളി ആദ്യയോഗം ചേരുകയും അസംബ്ളിയുടെ അദ്ധ്യക്ഷനായി എ. ജെ. ജോണിനെ തെരഞ്ഞെടുക്കുകയും ചെയ്തു.