അഭിറാം മനോഹർ|
Last Modified വെള്ളി, 25 ജൂണ്‍ 2021 (18:47 IST)
ഒറ്റരാത്രി കൊണ്ട് കോടീശ്വരനായെങ്കിൽ നമ്മൾ എപ്പോളെങ്കിലും മനസ്സിൽ ആഗ്രഹിച്ചിട്ടുണ്ടാകുന്ന ഒരു ആഗ്രഹമായിരിക്കും ഇത്. എന്നാൽ ഉറക്കമെഴുന്നേറ്റ പാടെ
കോടീശ്വരൻ ആവുകയും അൽപസമയത്തിന് ശേഷം അതെല്ലാം നഷ്ടപ്പെടുകയും ചെയ്‌താൽ എങ്ങനെയിരിക്കും. എന്നാൽ അങ്ങനെയൊരു സംഭവമാണ് ക്രിസ് വില്യംസൺ എന്ന ജോർജിയക്കാരന് സംഭവിച്ചിരിക്കുന്നത്.
ക്രിപ്‌റ്റോകറൻസി മാർക്കറ്റിൽ നിക്ഷേപം നടത്തിക്കൊണ്ടിരുന്ന ക്രിസ് ഒരു ദിവസം രാവിലെ ഉറക്കമുണർന്ന് നോക്കിയപ്പോൾ ഒറ്റ രാത്രികൊണ്ട് ഒരു ട്രില്യൺ ഡോളറിലേക്ക് വളർന്നുവെന്ന സന്ദേശമാണ് കണ്ടത്. ഇത് സ്വപ്‌നമായിരിക്കുമെന്നാണ് ക്രിസും ആദ്യം കരുതിയത്. എന്നാൽ ട്രേഡിങ് പ്ലാറ്റ്‌ഫോമിലെ തന്റെ പോർട്ട്‌ഫോളിയോയിലുള്ളത് 13 അക്കം സമ്പാദ്യം തന്നെ.
ക്രിസ് ബണ്ണി റോക്കറ്റ് എന്ന ഡിജിറ്റൽ കറൻസിയിൽ 20 ഡോളർ മാത്രമാണ് നിക്ഷേപിച്ചിരുന്നത്. ഉടൻ തന്നെ തന്റെ കോയിൻബേസ് അക്കൗണ്ടിലെ റോക്കറ്റ് ബണ്ണി കറൻസി മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് മാറ്റി പിൻവലിക്കാൻ ക്രിസ് ശ്രമിച്ചപ്പോൾ അത് സാധിച്ചില്ല. ഇതോടെ ക്രിസ് കോയിൻബേസ് ആപ്ലിക്കേഷന്റെ കസ്റ്റമർ കെയറുമായി ബന്ധപ്പെടുകയും ഒരു ട്രില്യൺ ഡോളർ നിക്ഷേപം എന്നത് വെറുതെ ആയിരുന്നുവെന്നുംമനസ്സിലാക്കിയത്. ആപ്ലിക്കേഷനിലെ സാങ്കേതിക തകരാർ കാരണമാണ് ഇത് സംഭവിച്ചതെന്ന് കോയിൻബേസ് അധികൃതർ അറിയിച്ചു.
സംഭവം പങ്കുവെച്ച് കൊണ്ടുള്ള ട്വീറ്റിൽ തന്റെ പോർട്ട്‌ഫോളിയോയുടെ സ്‌ക്രീൻഷോട്ടുകളും കോയിൻബേസിൽ നിന്ന് ലഭിച്ച മെയിലിന്റെ മറുപടിയും ക്രിസ് പോസ്റ്റ് ചെയ്‌തിട്ടുണ്ട്. എന്നെങ്കിലും, ഇതുപോലെ വലിയ ഒരു തുക തന്റെ പോർട്ട്ഫോളിയോയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്രിസ് പറയുന്നു.