സെക്കൻഡ് ഹാൻഡ് സ്മാർട്ട് ഫോണുകൾ വാങ്ങാം, പക്ഷേ...

ചെന്നൈ| DPK| Last Modified ഞായര്‍, 1 നവം‌ബര്‍ 2015 (12:44 IST)
സ്മാർട്ട് ഫോണുകളുടെ വില കുത്തനെ കുറഞ്ഞു വരുന്ന സമയാണിത്. വമ്പൻ കമ്പനികൾ തങ്ങളുടെ ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഉൾപ്പെടുത്തിയ സ്മാർട്ട് ഫോണുകൾ പോലും ഏറ്റവും കുറഞ്ഞ വിലയ്ക്ക് വിപണിയിൽ എത്തിക്കാനാണ് നോക്കുന്നത്. കടുത്ത മത്സരം നിലനിൽക്കുന്നുണ്ട് എന്നതാണ് കാരണം. ഇന്ന് ഇറങ്ങുന്ന ഫോണുകൾ നാളെ അപ്രസക്തമാകുന്ന രീതിയിൽ മാറ്റങ്ങൾ വന്നുകൊണ്ടുമിരിക്കുന്നു. ഈ സാഹചര്യത്തിൽ വലിയ വിലകൊടുത്ത് പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങുന്നത് ഒരർത്ഥത്തിൽ മണ്ടത്തരമാണ്.

ഇപ്പോൾ ലഭിക്കുന്ന സൗകര്യങ്ങളുടെ ഇരട്ടി സൗകര്യവുമായി അടുത്ത ദിവസം പുതിയ ഫോണ്‍ പുറത്തിറങ്ങുമ്പോൾ നിങ്ങൾ ഇന്ന് വാങ്ങിയ വിലകൂടിയ ഫോണ്‍ 'പഴഞ്ചനായി' മാറുന്നു. വലിയ ബ്രാൻഡുകളുടെ പ്രസ്റ്റീജ് ഫോണുകൾ അല്ലാതെ പുതിയ ഫോണുകൾ വാങ്ങിക്കൂട്ടുന്നത് സാമ്പത്തികമായും നമുക്ക് ഏറെ നഷ്ടം വരുത്തിവയ്ക്കുന്ന കാര്യമാണ്. സെക്കൻഡ് ഹാൻഡ് സ്മാർട്ട് ഫോണുകൾ വാങ്ങുകയാണ് ഈ പ്രശ്നം മറികടക്കാനുള്ള ഒരു വഴി.

സെക്കൻഡ് ഹാൻഡ് സ്മാർട്ട് ഫോണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ബില്ലും ഫോണിന്റെ പായ്ക്കിംഗ് ബോക്സും ഉണ്ടെന്ന് ഉറപ്പുവരുത്തണം. കാരണം, മോഷണമുതലുകൾ മറിച്ചു വിൽക്കുന്നവർ ഇപ്പോൾ വ്യാപകമാണ്. അതുമാത്രമല്ല, ഈ ഫോണ്‍ നമ്മൾ പിന്നീട് വിൽക്കാൻ ശ്രമിക്കുമ്പോൾ ബില്ലുണ്ടെങ്കിൽ അത് നല്ലതാണല്ലോ. ഫോണിന്റെ ഐ എം ഇ ഐ നമ്പർ വേരിഫൈ ചെയ്യാനും ആക്സസറീസുകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് ഉറപ്പുവരുത്താനും ബില്ലും പായ്ക്കിംഗ് ബോക്സുമുള്ളത് സഹായിക്കും. ഇനി ആക്സസറീസുകൾ മാറ്റിയിട്ടുണ്ടെങ്കിൽ അതിനനുസരിച്ച് വിലയും കുറയ്ക്കാം.

വാങ്ങുന്ന സെക്കൻഡ് ഹാൻഡ് സ്മാർട്ട് ഫോണിന് മിനിമം 2ജി റാം ഉണ്ടെന്ന് ഉറപ്പുവരുത്തുക. 1ജി റാം മാത്രമാണുള്ളതെങ്കിൽ വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കണം. പ്രോസസറും നമ്മൾ പരിശോധിക്കേണ്ടതാണ്. ഒരു വർഷത്തിലധികം പഴക്കമുള്ള
മീഡിയാ ടെക് പവേർഡായിട്ടുള്ള ഫോണുകളിൽ നിന്ന് വലിയ പെർഫോമൻസൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഇന്റൽ പവേർഡായിട്ടുള്ള ഫോണുകൾക്ക് നല്ല പെർഫോമൻസ് കിട്ടുമെങ്കിലും ബാറ്ററിയുടെ ആയുസ് കുറയാൻ സാധ്യതയുണ്ട്.

ഫോണിന്റെ ടച്ച് സ്ക്രീനിന് കുഴപ്പമുണ്ടോ എന്ന് പരിശോധിക്കണം. നേർത്ത ടച്ചുകളിൽ പോലും ഫോണ്‍ റെസ്പോണ്ട് ചെയ്യുന്നുണ്ടോ എന്ന് നോക്കണം. ഫോണിന്റെ ബോഡിയിൽ സ്ക്രാച്ചസ്, പൊട്ടലുകൾ എന്നിവയുണ്ടോ എന്ന് നോക്കണം. ഫോണ്‍ കാണാൻ ഭംഗിയുള്ളതാണോ എന്ന് മാത്രമല്ല, ഏത് ബ്രാൻഡിൻറേതാണ് എന്ന് നിശ്ചയമായും നോക്കണം. വലിയ സൗകര്യങ്ങൾ നല്കുന്ന നിലവാരമില്ലാത്ത ഒട്ടേറെ ബ്രാൻഡുകൾ ഇന്ന് വിപണിയിലുണ്ട്. അത്തരം ബ്രാൻഡുകൾക്ക് തലവച്ചുകൊടുക്കരുത്.

സെക്കൻഡ് ഹാൻഡ് സ്മാർട്ട് ഫോണുകൾ വാങ്ങുമ്പോൾ അവരുടെ മുമ്പിൽ വച്ചുതന്നെ യു എസ് ബി കേബിൾ ഉപയോഗിച്ച് ഒരു ലാപ്ടോപ്പുമായി കണക്ട് ചെയ്ത് ഡാറ്റാ ട്രാൻസ്ഫർ കറക്ടാണോ എന്ന് പരിശോധിക്കാം. ഫോണിൽ നിങ്ങളുടെ സിം കാർഡ് ഇട്ട് നെറ്റുവർക്ക് വേഗത്തിൽ ആക്സസ് ആകുന്നുണ്ടോ എന്ന് നോക്കാം. നെറ്റ് ബ്രൌസ് ചെയ്തും ചില ആപ്ലിക്കേഷനുകൾ ഡൗണ്‍ലോഡ് ചെയ്തും നോക്കണം. ഫോണിന്റെ ക്യാമറ ഓണ്‍ ചെയ്ത് ഫോട്ടോയെടുത്ത് അതിന്റെ റെസല്യൂഷനും ക്ലാരിറ്റിയും പരിശോധിക്കാം.

സ്മാർട്ട് ഫോണ്‍ ക്രേസുള്ളവർ ഒരു ഫോണ്‍ വാങ്ങി മാസങ്ങൾക്കുള്ളിൽ അത് മാറ്റി മറ്റൊന്നു വാങ്ങാൻ ശ്രമിക്കുന്നവരാണ്. അങ്ങനെയുള്ളവരിൽ നിന്ന് ഫോണ്‍ വാങ്ങിയാൽ വാറണ്ടിയും ലഭിക്കും. ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ വലിയ മുതൽമുടക്കില്ലാതെ നിങ്ങൾക്ക് ഒന്നാന്തരമൊരു സ്മാർട്ട് ഫോണ്‍ കൈയിലെത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :